കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കസ്റ്റംസ് കണ്ടെത്തിയത്.
നടപടിയെ ചോദ്യം ചെയ്തുള്ള ദുൽഖര്‍ സൽമാന്‍റെ വാദം
നേരത്തെ ദുൽഖറിന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.ഈ നടപടിയെ ചോദ്യം ചെയ്താണ് ദുൽഖര്‍ കോടതിയെ സമീപിച്ചത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും രേഖകൾ പരിശോധിക്കാൻ പോലും തയ്യാറാകാതെ മുൻവിധിയോടെ കസ്റ്റംസ് നീക്കമെന്നുമാണ് നടന്‍റെ ആരോപണം. ഭൂട്ടാൻ വഴി വാഹനം കടത്തി കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്ന് ആരോപിച്ചാണ് ദുൽഖർ സൽമാന്‍റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. കേസിൽ നടന് ഉടൻ കസ്റ്റംസ് നോട്ടീസ് അയച്ച് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന സൂചനകൾക്കിടയിലാണ് ദുൽഖർ കോടതിയെ സമീപിച്ചത്. വാഹനം വാങ്ങിയതിന്‍റെ ഇൻവോയ്സ് അടക്കം തന്‍റെ പ്രതിനിധികൾ കൈമാറിയ രേഖകളൊന്നും പരിശോധിക്കുക പോലും ചെയ്യാതെ ആണ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തതെന്നാണ് നടന്‍റെ ആരോപണം.
എല്ലാ നടപടിക്രമങ്ങളും പാലിച്ച് കസ്റ്റംസ് തീരുവ അടച്ചാണ് താൻ വാഹനം വാങ്ങിയതെന്നും നടൻ പറയുന്നു. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിലെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റഡിയിലെടുത്ത നടപടി റദ്ദാക്കാണമെന്നാണ് നടന്‍റെ ആവശ്യം. കസ്റ്റംസ് വാഹനം കസ്റ്റഡിയിൽ വെയ്ക്കുക വഴി വാഹനത്തിന് കേടുപാട് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അംഗീകരിക്കാതെ പണം നൽകി നിയമം അനുസരിച്ച് താൻ വാങ്ങിയ വാഹനം വിട്ട് കിട്ടണമെന്നാണ് നടന്‍റെ ആവശ്യം. ഹർജിയിൽ കോടതി കസ്റ്റംസിന്‍റെ വിശദീകരണം തേടി. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് നൂറ്റി അൻപതിലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ, ഭൂരിഭാഗം വാഹനമോ ഉടമകളെയോ കസ്റ്റംസിന് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. 38 വാഹനങ്ങളുടെ പ്രാഥമിക വിവരങ്ങളാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്. റെയ്ഡ് വിവരം ഒരാഴ്ച മുൻപെ ചോർന്നതായും വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതായുമാണ് കസ്റ്റംസ് സംശയിക്കുന്നത്. വാഹനങ്ങൾ കണ്ടെത്താൻ എംവിഡിയുടെയും പൊലീസിന്‍റെയും സഹായം തേടിയിരിക്കുകയാണ് നിലവിൽ കസ്റ്റംസ്.