ബജറ്റ് വെറും 5 കോടി, നേടിയത് 121 കോടി, ആ വമ്പൻ ഹിറ്റ് ഒടിടിയിലേക്ക്

Su from So - Kannada Movie

കന്നഡയില്‍ നിന്നെത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കര്‍ണാടകത്തിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ച ഈ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റിലീസിന് ഒരുങ്ങുകയാണ് സു ഫ്രം സോ.

സു ഫ്രം സോയുടെ ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിന് ആണ്. 5.5 കോടിക്കാണ് (ജിഎസ്ടി കൂടാതെ) ചിത്രം ജിയോ ഹോട്ട്സ്റ്റാര്‍ വാങ്ങിയിരിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ വിവരം. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ബജറ്റിനേക്കാള്‍ അധികമാണ് ഈ തുക. ചിത്രത്തിന്‍റെ നിര്‍മ്മാണത്തിന് 4.5 കോടിയാണ് ചെലവായതെന്നും പ്രൊമോഷനുവേണ്ടി മറ്റൊരു 1- 1.5 കോടി മുടക്കിയെന്നും നിര്‍മ്മാതാക്കളില്‍ ഒരാളും നടനും സംവിധായകനുമായ രാജ് ബി ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണത്തിനൊപ്പം രാജ് ബി ഷെട്ടി ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. എന്തായാലും സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ഒടിടിയില്‍ ചിത്രം സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് പുതിയ വിവരം.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 121.78 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 91 കോടിയും ഗ്രോസ് കളക്ഷന്‍ 106.78 കോടിയുമാണ്.

സുലോചന ഫ്രം സോമേശ്വര എന്നതിന്‍റെ ചുരുക്കെഴുത്താണ് സു ഫ്രം സോ. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ പി തുമിനാട്, ‘സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ എന്ന ചിത്രത്തിലൂടെ അഭിനേതാവായും ശ്രദ്ധ നേടിയിരുന്നു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു