തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരങ്ങളാണ് ശ്രദ്ധാകേന്ദ്രമായത്. 2016 മുതല്‍ 2022 വരെ ഏഴ് വര്‍ഷത്തെ അവാര്‍ഡുകളാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി മലയാളി കലാകാരുടെ തിളക്കമാണ് ഇത്തവണ അവാര്‍ഡുകളുടെ പ്രത്യേകത.
മികച്ച നടിക്കുള്ള പുരസ്കാരങ്ങളില് മലയാളി താരങ്ങള്‍ ആധിപത്യം പുലര്‍ത്തി. മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, കീര്‍ത്തി സുരേഷ് എന്നിവരാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ജ്യോതികയും സായി പല്ലവിയും മറ്റ് വര്‍ഷങ്ങളിലെ പുരസ്കാര ജേതാക്കളാണ്.
2016ല്‍ ‘പാമ്പു സട്ടൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് പുരസ്കാരം ലഭിച്ചു. 2017ല്‍ ‘അറം’ സിനിമയിലൂടെ നയന്‍താരയും, 2019ല്‍ ‘അസുര’യിലെ അഭിനയത്തിന് മഞ്ജു വാര്യരും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘സൂരറൈ പോട്രി’യിലെ പ്രകടനത്തിലൂടെ അപര്‍ണ ബാലമുരളിയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ പുരസ്കാരം ‘ജയ് ഭീമി’യിലെ ശക്തമായ അഭിനയത്തിലൂടെ ലിജോമോള്‍ ജോസിനാണ് ലഭിച്ചത്.
മലയാളികളുടെ പ്രിയതാരങ്ങളായ ഉര്‍വശിയും റഹ്മാനും പുരസ്കാര നേട്ടം സ്വന്തമാക്കി. മികച്ച പ്രതിനായകനായി റഹ്മാന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഉര്‍വശിക്ക് മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരം ലഭിച്ചു. മധുമിത, ദേവദര്‍ശിനി, കോവൈ സരള, ഇന്ദ്രജ ശങ്കര്‍ എന്നിവരാണ് മറ്റ് മികച്ച ഹാസ്യ നടിമാര്‍.
ഗാന വിഭാഗത്തിലും മലയാളി സാന്നിധ്യം ശക്തമായിരുന്നു. വൈക്കം വിജയലക്ഷ്മിയും വര്‍ഷാ രഞ്ജിത്തും മികച്ച ഗായികമാരായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്മാര് വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര് പാര്ഥിപന്, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ്. ‘മാനഗരം’ (2016), ‘അരം’ (2017), ‘പരിയേറും പെരുമാൾ’ (2018), ‘അസുരൻ’ (2019) ‘കൂഴങ്കൽ’ (2020), ‘ജയ്ഭീം’ (2021), ‘കാർക്കി’ (2022) എന്നിവയാണ് മികച്ച സിനിമകൾ. ലോകേഷ് കനകരാജ്, പുഷ്കർ ഗായത്രി, മാരി സെൽവരാജ്, പാർഥിപൻ, സുധ കൊങ്കര, ടി.എസ്. ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടി.
