കേരളാ സ്റ്റോറി 2 സിനിമയ്ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകിയിട്ടും കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷക പിന്തുണ ലഭിച്ചില്ല. റിലീസ് ദിനമായ ഇന്ന് ബുക്കിംഗ് കണക്ക് വളരെ കുറഞ്ഞ നിലയിലാണ്. കോഴിക്കോട് റീഗൽ തിയേറ്ററിൽ വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. പ്രേക്ഷകർ ഇല്ലാത്തതിനാൽ ആദ്യ ഷോ റദ്ദാക്കേണ്ടിവന്നു.
ഇപ്പോൾ എറണാകുളത്ത് ഏഴ് തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ രാവിലെ 10.30ന് ആരംഭിക്കും. ഷോ നടക്കുന്ന ജില്ലയിലെ പാൻ സിനിമാസിൽ ആകെ ആറുപേർ മാത്രമാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. പിവിആർ തിയേറ്ററിൽ രണ്ട് പേരാണ് ടിക്കറ്റ് എടുത്തത്. കൊച്ചിയിലെ പ്രമുഖമായ ഷേണായി തിയേറ്ററിലും പ്രേക്ഷകർ എത്താത്ത നിലയിലാണ്.
സംസ്ഥാനത്ത് ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിന് പുറത്ത് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം എന്തായിരിക്കും എന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകും.
