ഉദയനിധി സ്റ്റാലിന്‍റെ മകന്‍ സിനിമയിലേക്ക്, മാരി സെൽവരാജിന്‍റെ ചിത്രത്തില്‍ ഇൻപനിധി നായകനാകും

Inbanidhi Udhayanidhi Stalin Son

ചെന്നൈ: നടനും നിര്‍മ്മാതാവും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ മകന്‍ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിലേക്ക്. മാരി സെൽവരാജ് സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ഉദയനിധിയുടെ മകന്‍റെ അരങ്ങേറ്റം. നാടകാഭിനയ ശില്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിന്‍റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. കൂടാതെ നിർമാണ കമ്പനി റെഡ് ജയന്റ്സ് മൂവീസ് സിഇഒ ആയി ഇന്‍പനിധി ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്‍ 2008 ല്‍ ആരംഭിച്ച നിര്‍മ്മാണ, വിതരണ കമ്പനിയായ റെഡ് ജയന്‍റ് മൂവീസിന്‍റെ തലപ്പത്തേക്കാണ് 21 കാരനായ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ എത്തിയത്.

തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാണ, വിതരണ കമ്പനികളിലൊന്നാണ് റെഡ് ജയന്‍റ് മൂവീസ്. 2008 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം കുരുവി മുതല്‍ രവി മോഹന്‍ നായകനായ കാതലിക്ക നേരമില്ലൈ വരെ നിരവധി ചിത്രങ്ങള്‍ റെഡ് ജയന്‍റ് നിര്‍മ്മിച്ചിട്ടുണ്ട്. വിതരണം ചെയ്ത ചിത്രങ്ങള്‍ ഇതിന്‍റെ പല മടങ്ങ് വരും. ബിഗ് കാന്‍വാസ് തമിഴ് ചിത്രങ്ങളില്‍ ഒരു വലിയ ശതമാനവും വിതരണം ചെയ്യുന്നത് ഇന്ന് റെഡ് ജയന്‍റ് ആണ്. റെഡ് ജയന്റ് നിർമ്മാതാക്കളെയും നടന്മാരെയും ഭീഷണിപ്പെടുത്തി സിനിമകൾ ഏറ്റെടുക്കുന്നതായി എടപ്പാടി പളനിസാമിയും കെ അണ്ണാമലൈയും ആരോപിച്ചിരുന്നു. കലൈഞ്ജർ ടിവി മാനേജ്മെന്റിലും ഇപ്പോൾ ഇൻപനിധി ഉണ്ട്.

2012 ലാണ് ഉദയനിധി സിനിമയിലെത്തുന്നത്. പിന്നീട് 2021 ല്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാവുകയും എംഎല്‍എ സ്ഥാനത്തെത്തുകയും ചെയ്തു. ഇൻപനിധിയെ അടുത്തിടെയായി ഡിഎംകെയുടെ സമ്മേളനങ്ങളിലും സർക്കാരിന്റെ പ്രധാന പരിപാടികളിലും പങ്കെടുക്കുന്നുമുണ്ട്. ഇളയരാജയെ ആദരിച്ച ചടങ്ങിൽ രജനികാന്തിനൊപ്പം ഇൻപനിധിക്ക് മുൻനിരയിൽ കസേര നൽകിയത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു.

 

മറുപടി രേഖപ്പെടുത്തുക