പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വ്യക്തിപരമായ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ രംഗത്തെത്തി. വർഗീയതയ്ക്കെതിരായ പോരാളിയായി സ്വയം അവതരിപ്പിക്കുന്ന സതീശൻ ‘രാജാപ്പാർട്ട്’ അഭിനയമാണെന്ന് അദ്ദേഹം പരിഹസിച്ചു.
വർഗീയവിരുദ്ധ അപ്പോസ്തലനായി അഭിനയിച്ചുകൊണ്ടാണ് സതീശൻ രാഷ്ട്രീയത്തിൽ മുന്നേറുന്നതെന്നും, ജനങ്ങൾ അദ്ദേഹത്തെ സഹതാപത്തോടെയാണ് കാണുന്നതെന്നും വിജയരാഘവൻ പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി തൊഴുതുനിന്ന സതീശന്റെ ഭൂതകാലം മറക്കാനാവില്ലെന്നും, പറവൂരിൽ ജയിക്കാൻ ആർഎസ്എസിന്റെ സഹായം തേടിയ വ്യക്തിയാണ് സതീശനെന്നും അദ്ദേഹം ആരോപിച്ചു.
മതമൗലികവാദികളുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യം പുലർത്തുന്ന ഒരാൾ എങ്ങനെ വർഗീയവിരുദ്ധനാകുമെന്ന് വിജയരാഘവൻ ചോദിച്ചു. കോൺഗ്രസ് തന്നെ മുമ്പ് നിരോധിച്ച ജമാഅത്തെ ഇസ്ലാമിക്ക് ‘മതരാഷ്ട്രവാദികളല്ല’െന്ന് സർട്ടിഫിക്കറ്റ് നൽകുന്നത് സതീശനാണെന്നും അദ്ദേഹം വിമർശിച്ചു.
