പശ്ചിമേഷ്യയിലെ സംഘർഷം; കുവൈത്തിൽ സന്ദർശക വിസയ്ക്ക് ഒരു മാസത്തെ കാലാവധി നീട്ടി

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയുടെ കാലാവധി നീട്ടാൻ തീരുമാനിച്ചു. സന്ദർശക വിസയിൽ കഴിയുന്നവർക്ക് ഒരു മാസത്തെ അധികകാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.

ഫെബ്രുവരി 28 മുതൽ വിസ കാലാവധി കഴിഞ്ഞവർക്കും ഉടൻ അവസാനിക്കാൻ പോകുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വമേധയാ കാലാവധി നീട്ടുന്നതിനാൽ പ്രവാസികൾ റെസിഡൻസി കാര്യാലയങ്ങളിൽ നേരിട്ട് പോകേണ്ടതില്ല.

ഈ കാലയളവിൽ പിഴയോ മറ്റ് ഫീസുകളോ ഈടാക്കില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, നിലവിൽ കുവൈത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരായ പ്രവാസികൾക്കും മന്ത്രാലയം വലിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യത്ത് തിരിച്ചെത്താൻ കഴിയാത്തവർക്ക് അധികമായി മൂന്ന് മാസത്തെ അനുമതിയും നൽകും. ഇതും ഓൺലൈൻ സംവിധാനത്തിലൂടെ തന്നെ ലഭ്യമാകും.

യുദ്ധസമാനമായ സാഹചര്യം തുടരുകയാണെങ്കിൽ വിസയുടെ കാലാവധി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ അറിയിപ്പുകൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പിന്തുടരണമെന്നും അധികൃതർ പ്രവാസികളോട് നിർദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക