മന്ത്രിയുടെ പ്രകടനം കണ്ടാൽ ഉർവശി അവാർഡ് പോലും കുറഞ്ഞുപോകും: വിഡി സതീശൻ

ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മന്ത്രിയുടെത് വെറും അഭിനയം മാത്രമാണെന്നും ഇതിന് ഓസ്കാർ അവാർഡ് തന്നെ നൽകണമെന്നുമാണ് അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

മുദ്രാവാക്യം കേട്ടാൽ കഴുത്തിന് വേദന വരുമോ എന്നും ചോദിച്ച സതീശൻ, മന്ത്രിയുടെ പ്രകടനം കണ്ടാൽ ഉർവശി അവാർഡ് പോലും കുറഞ്ഞുപോകുമെന്നും പരിഹസിച്ചു. സിപിഎം സംഘപരിവാറിന്റെ ബി ടീമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വർഗീയതയെ ആര് കൂട്ടുപിടിച്ചാലും യുഡിഎഫ് ശക്തമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റതായി പരാതി ഉയർന്നത്. പോലീസ് വലയം ഭേദിച്ചെത്തിയ പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയപ്പോൾ ഉണ്ടായ ഉന്തും തള്ളലും കാരണം കഴുത്തിന് പരിക്കേറ്റുവെന്നായിരുന്നു വിശദീകരണം.

തുടർന്ന് മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക