മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ പോലീസ് സുബ്രഹ്മണ്യന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമൂഹത്തിൽ കലാപാഹ്വാനം നടത്താൻ ശ്രമിച്ചതെന്ന ഗുരുതര വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച്, ഇരുവരും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്ന ക്യാപ്ഷനോടെയാണ് സുബ്രഹ്മണ്യൻ പോസ്റ്റ് ഇട്ടത്. എന്നാൽ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതും വ്യാജവുമാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
അതേസമയം, തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എൻ. സുബ്രഹ്മണ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് താൻ ഉപയോഗിച്ചതെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാൽ ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
