ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തന്റെ മകള്‍ കിം ജൂ ഏയെ ഔദ്യോഗിക പിന്‍ഗാമിയായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) ആണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍ പുറത്തുവിട്ടത്.
കിം ജോങ് ഉന്നിന്റെ കൗമാരക്കാരിയായ മകളെ ഭരണത്തിന്റെ പിന്‍ഗാമിയായി ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നാണ് എന്‍ഐഎസ് വ്യക്തമാക്കുന്നത്. കിം കുടുംബത്തിന്റെ നാലാം തലമുറയിലേക്ക് അധികാരം കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിയോള്‍ വിലയിരുത്തുന്നു.
ഈ മാസം അവസാനം ഉത്തരകൊറിയയില്‍ നടക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയയുടെ കോണ്‍ഗ്രസിന് മുന്നോടിയായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കുടുംബഭരണം തുടര്‍ച്ചയായി നിലനിര്‍ത്താനും അധികാരത്തിലേക്ക് മറ്റാരും കടന്നുവരാതിരിക്കാനും കിം ശ്രമിക്കുന്നുവെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന നയപരമായ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുകയും ഭരണത്തില്‍ തന്റെ പിടി കൂടുതല്‍ ഉറപ്പിക്കുകയുമാണ് കിം ജോങ് ഉന്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.
