രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയില്‍ മോചിതനായ രാഹുല്‍ ഈശ്വറിനെ ജയില്‍ കവാടത്തില്‍ മെന്‍സ് കമ്മീഷന്‍ അംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു. ജയിലിന് പുറത്താണ് കമ്മീഷന്‍ അംഗങ്ങള്‍ എത്തി സ്വീകരണം നല്‍കിയത്. തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും, തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലില്‍ തുടരാന്‍ വേണ്ടിയായിരുന്നു നീക്കമെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. അതിന്റെ ഭാഗമായാണ് പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് കള്ളം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങിയാല്‍ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ പ്രതികരണങ്ങള്‍ നടത്തുമെന്ന് അറിയാവുന്നതിനാലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് നടത്തിയതെന്നും, തനിക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പ്രോസിക്യൂഷന്‍ കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പച്ചക്കള്ളമാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. മുന്‍പ് നിരാഹാര സമരം നടത്തിയപ്പോഴാണ് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ മാറ്റം വന്നതെന്നും, രണ്ട് പ്രമുഖരുടെ കേസുകളില്‍ മാധ്യമങ്ങള്‍ സത്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താന്‍ 16 ദിവസമാണ് ജയിലില്‍ കഴിഞ്ഞതെന്നും, നിവിന്‍ പോളിക്ക് പോലും നീതി ലഭിക്കാത്ത നാട്ടില്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്ന ചോദ്യവും രാഹുല്‍ ഈശ്വര്‍ ഉന്നയിച്ചു.
തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളില്‍ കുടുങ്ങരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിച്ചില്ലെന്ന കാരണത്താല്‍ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടേക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 16 ദിവസമായി റിമാന്‍ഡിലായിരുന്ന സാഹചര്യത്തില്‍ വീണ്ടും കസ്റ്റഡി ആവശ്യപ്പെടുന്നതിന്റെ ആവശ്യമെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്റെ വാദം.
