സൊമാലിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം കണ്ടെത്താൻ പാടുപെടുന്നു : യുഎൻ

സൊമാലിയ കടുത്ത പട്ടിണി പ്രതിസന്ധിയിലാണെന്ന് World Food Programme (ഡബ്ല്യുഎഫ്‌പി) ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചു. രാജ്യത്ത് ഏകദേശം 6.5 ദശലക്ഷം ആളുകൾ ഉയർന്ന തോതിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്നാണ് മുന്നറിയിപ്പ്. 2026-ൽ അഞ്ച് വയസ്സിന് താഴെയുള്ള 1.8 ദശലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരിൽ ഏകദേശം അഞ്ചുലക്ഷം കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവിന് ഇരയാകാമെന്നാണ് കണക്കുകൂട്ടൽ.

“സൊമാലിയയിലെ അടിയന്തരാവസ്ഥ ആശങ്കാജനകമായി വഷളാകുകയാണ്. വെള്ളത്തിന്റെ വില കുതിച്ചുയരുന്നു, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പരിമിതമാണ്, കന്നുകാലികൾ ചത്തു വീഴുകയാണ്, മാനുഷിക ധനസഹായം വളരെ കുറവാണ്,” സൊമാലിയയിലെ യുഎൻ മാനുഷിക കോർഡിനേറ്റർ ജോർജ് കോൺവേ വ്യക്തമാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മഴക്കാലത്തും ഗണ്യമായ മഴ ലഭിക്കാനിടയില്ലെന്നും അതിനാൽ അടിയന്തര ജീവൻരക്ഷാ സഹായം അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വരൾച്ച രൂക്ഷമായതോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ തോതിൽ ആളുകൾ കുടിയൊഴിഞ്ഞതായി ഡബ്ല്യുഎഫ്‌പി അറിയിച്ചു. ദക്ഷിണ സൊമാലിയയിലെ ഒക്ടോബർ-ഡിസംബർ ധാന്യ വിളവെടുപ്പ് 1995-2025 കാലഘട്ടത്തിലെ ദീർഘകാല ശരാശരിയേക്കാൾ 83 ശതമാനം കുറഞ്ഞു. നീണ്ടുനിൽക്കുന്ന വരൾച്ചയും മഴക്കുറവുമാണ് വഷളാകുന്ന ഭക്ഷ്യ പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തുടനീളമുള്ള കന്നുകാലി ഗർഭധാരണം സാധാരണ നിലയേക്കാൾ വളരെ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ പട്ടിണി ബാധിച്ച ആറു ദശലക്ഷത്തിലധികം ആളുകൾ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 30 ശതമാനമാണ്. “ഈ വരൾച്ചയുടെ തീവ്രത നിഷേധിക്കാനാവാത്തതും അത്യന്തം ആശങ്കാജനകവുമാണ്,” സൊമാലിയ ദുരന്ത നിവാരണ ഏജൻസി കമ്മീഷണർ മുഹമ്മദ് മോഅല്ലിം അബ്ദുള്ള പറഞ്ഞു. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് ദുർബല സമൂഹങ്ങളെ സംരക്ഷിക്കാൻ അടിയന്തര സഹായം വർദ്ധിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയും സൊമാലി സർക്കാരും അന്താരാഷ്ട്ര മാനുഷിക സംഘടനകളോട് അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക