ഇടത് സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് മിഷൻ രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി നീതി ആയോഗ് തെരഞ്ഞെടുത്തു. കുറഞ്ഞ ചെലവിൽ നടപ്പാക്കുന്ന ബഹുമുഖവും സാമൂഹ്യ അധിഷ്ഠിതവുമായ മാതൃകയെന്ന നിലയിലാണ് ലൈഫിനെ ബെസ്റ്റ് പ്രാക്ടീസായി അംഗീകരിച്ചതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഫെബ്രുവരിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവരെ 6.5 ലക്ഷം വീടുകൾക്ക് കരാർ നൽകിയതിൽ 4.07 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. നിലവിൽ 1.02 ലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. രാജ്യത്ത് ഭവന നിർമാണത്തിനായി ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന പദ്ധതിയാണിത്. സാധാരണ ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയും പട്ടികവർഗ വിഭാഗങ്ങൾക്ക് 6 ലക്ഷം രൂപയുമാണ് നൽകുന്നത്.
പ്രതിപക്ഷത്തെ വിമർശിച്ച മന്ത്രി, ചെയ്യാൻ കഴിയുന്നതേ പറയൂ, പറഞ്ഞതേ ചെയ്യൂ എന്നതാണ് എൽഡിഎഫ് നയമെന്നും, ലൈഫ് മിഷൻ പൂട്ടുമെന്ന് പറഞ്ഞ യുഡിഎഫിന്റെ നിലപാടുകൾക്ക് കണക്കുകൾ തന്നെ മറുപടിയാണെന്നും വ്യക്തമാക്കി.
