മൈസൂരു സെൻട്രൽ ജയിലിൽ ലഹരിവിൽപ്പനക്കേസിൽ റിമാൻഡിൽ കഴിയുന്ന മകനിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മകന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തത്. ഉമേഷിന്റെയും രൂപയുടെയും മകനായ ആനന്ദ് ലഹരിവിൽപ്പനക്കേസിൽ അറസ്റ്റിലായി നിലവിൽ മൈസൂരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
ആനന്ദിന് വസ്ത്രങ്ങൾ നൽകാനെന്ന പേരിലാണ് മാതാപിതാക്കൾ ജയിലിലെത്തിയത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ, ആനന്ദിന് നൽകാൻ കൊണ്ടുവന്ന ജീൻസ് പാന്റിന്റെ കീശയിൽ കാർബൺ പേപ്പറിൽ പൊതിഞ്ഞ പേസ്റ്റ് രൂപത്തിലുള്ള ആറു പൊതി കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
മകന്റെ സുഹൃത്ത് സുരേഷിന്റെ നിർദ്ദേശപ്രകാരം തന്നെയാണ് കഞ്ചാവ് ജയിലിലെത്തിക്കാൻ ശ്രമിച്ചതെന്ന് മാതാപിതാക്കൾ ജയിൽ ഗാർഡിനോട് വെളിപ്പെടുത്തി. തുടർന്ന് ഗാർഡ് ഇരുവരെയും മാണ്ഡി പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ മൈസൂരു സെൻട്രൽ ജയിലിലേക്ക് അയച്ചു.
