ട്രെയിനിലെ എസി കോച്ചിനുള്ളിൽ കെറ്റിലിൽ മാഗി പാചകം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ മുന്നറിയിപ്പ് പുറത്തിറക്കി. യാത്രയ്ക്കിടെ മൊബൈൽ ചാർജിംഗ് സോക്കറ്റിൽ ഇലക്ട്രോണിക് കെറ്റിൽ ഘടിപ്പിച്ച് മാഗി വേവിക്കുന്നതായി ദൃശ്യങ്ങൾ കാണിക്കുന്നു.
ട്രെയിനുകളിൽ ഇലക്ട്രോണിക് കെറ്റിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചതാണെന്നും ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് റെയിൽവേ എക്‌സ്‌ൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് റെയിൽവേ അറിയിച്ചു. ഇത് തീപിടിത്തത്തിന് കാരണമാകാനും മറ്റ് യാത്രക്കാരുടെ സുരക്ഷയെ ഭീഷണിപ്പെടുത്താനും, ട്രെയിനിലെ വൈദ്യുതി വിതരണത്തിലും എസി സംവിധാനത്തിലും തകരാർ സൃഷ്ടിക്കാനുമുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അപകടകരമായ ഇത്തരം പ്രവണതകളിൽ നിന്ന് യാത്രക്കാർ വിട്ടുനിൽക്കണമെന്ന് റെയിൽവേ നിർദ്ദേശിക്കുന്നു. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീഡിയോ പ്രചരിപ്പിച്ച വ്യക്തിക്കെതിരെയും നടപടിയെടുക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. യാത്രക്കാരി മാഗി പാകം ചെയ്യുന്ന വീഡിയോ നിരവധി പേർ പങ്കുവച്ചതോടെ സംഭവത്തെ ശക്തമായി വിമർശിക്കുന്ന ശബ്ദങ്ങളാണ് ഉയരുന്നത്; ഇത് വലിയൊരു സുരക്ഷാ വീഴ്ചയായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
