ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:02ന് മാസപ്പിറവി സംഭവിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ റമദാൻ വ്രതാരംഭവുമായി ബന്ധപ്പെട്ട അന്തിമവും ഔദ്യോഗികവുമായ പ്രഖ്യാപനം ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതി നേരിട്ട് മാസപ്പിറവി ദർശിച്ചതിന് ശേഷമായിരിക്കും ഉണ്ടാകുകെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തവണ റമദാൻ ശൈത്യകാലത്തോട് ചേർന്നുവരുന്നതിനാൽ നോമ്പ് സമയം വിശ്വാസികൾക്ക് താരതമ്യേന കുറവായിരിക്കും. ശരാശരി 12 മുതൽ 14 മണിക്കൂർ വരെയായിരിക്കും നോമ്പ് ദൈർഘ്യം. റമദാൻ 30 ദിവസം പൂർത്തിയാകുന്ന പക്ഷം ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ വിശ്വാസികൾ പ്രാർത്ഥനയോടെയും ആത്മീയ ആവേശത്തോടെയും ഈ പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്.
