ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഓരോ ഘട്ടത്തിലും എൽഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, കുറ്റവാളി ആരായാലും പിടിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ലെന്നും, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തി എന്നതിൽ സംശയമുണ്ടെന്നും ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ലെന്നും, സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെങ്കിലും പോറ്റിക്ക് അവരോട് അടുപ്പം ഉണ്ടാകാൻ കാരണമെന്താണെന്നതിന് ഉത്തരം വേണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികൾ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും, സമയം എടുത്താലും ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഴുവൻ സത്യങ്ങളും പുറത്തുവരുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കളവ് പറയുന്നത് എളുപ്പമാണെങ്കിലും, സത്യം തെളിയിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാൻ കുറച്ച് കാലതാമസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും, ആരെയും രക്ഷിക്കാൻ സർക്കാരോ പാർട്ടിയോ ഉദ്ദേശിക്കുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. തന്ത്രിയെ ‘ദൈവതുല്യൻ’ എന്ന് പത്മകുമാർ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
