മന്ത്രി സജി ചെറിയാന്റെ മലപ്പുറം–കാസർഗോഡ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. മതേതര കേരളത്തെ ചാമ്പലാക്കുന്ന തീക്കളിയാണ് ഇത്തരം പ്രസ്താവനകളെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
സിപിഐഎം നേതാക്കളുടെ തുടർച്ചയായ പരാമർശങ്ങൾ യാദൃശ്ചികമല്ലെന്നും, ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് ഇത്തരത്തിലുള്ള വാക്കുകൾ പറയാൻ എങ്ങനെ സാധിക്കുന്നുവെന്നും മുഖപ്രസംഗം ചോദിക്കുന്നു. മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്നും അതിലൂടെ അധികാരം നിലനിർത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിന് മതേതര കേരളം വലിയ വില കൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്നു.
എ.കെ. ബാലൻ, സജി ചെറിയാൻ തുടങ്ങിയ സിപിഐഎം നേതാക്കൾക്ക് ഇത്തരം “വിഷം തീണ്ടൽ” പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ ഇത്രയും ഉച്ചത്തിൽ പറയാൻ എങ്ങനെ ധൈര്യം ലഭിക്കുന്നുവെന്നും മുഖപ്രസംഗം ചോദിക്കുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരേന്ത്യയിൽ നരേന്ദ്ര മോദിയും അമിത് ഷായും സമാന പ്രചാരണവുമായി വോട്ട് തേടിയതും ഇതോടൊപ്പം ഓർമിപ്പിക്കുന്നു.
ഈ പ്രവണതയ്ക്ക് മതിയായ ചികിത്സ ആവശ്യമാണെന്നും, ഇല്ലെങ്കിൽ ഈ വ്യാധി മതേതര കേരളത്തിന്റെ മനസ്സിലേക്ക് പടരുമെന്നും സുപ്രഭാതം മുന്നറിയിപ്പ് നൽകുന്നു. സിപിഐഎം നേതാക്കളിൽ പലരും ഒരേ സ്വരത്തിൽ തുടർച്ചയായി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് യാദൃശ്ചികമല്ലെന്ന് സാധാരണക്കാർക്കും ബോധ്യമാകുമെന്നും മുഖപ്രസംഗം പറയുന്നു.
