എന്‍സിപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വിമതനീക്കം ശക്തമാകുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയിലെ വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രചാരണത്തില്‍ സഹകരിക്കണോ എന്ന വിഷയമാണ് യോഗത്തില്‍ പ്രധാനമായി ചര്‍ച്ചയായത്.
ശശീന്ദ്രന് സ്ഥാനാര്‍ഥിത്വം നല്കിയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുക്കം മുഹമ്മദ് വ്യക്തമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും സംസ്ഥാന-ദേശീയ നേതൃത്വങ്ങളെ ഈ ആവശ്യം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റിന്റെ അഭിപ്രായം പോലും നേതൃത്വം പരിഗണിച്ചില്ലെന്നും ഇത് ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണെന്നും മുക്കം മുഹമ്മദ് ആരോപിച്ചു.
മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നണി വിടണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ടെന്നും തന്റെ പേരില്‍ മോശമായ പ്രചാരണം നടക്കുന്നതില്‍ ദുഃഖമുണ്ടെന്നും മുക്കം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു എ.കെ ശശീന്ദ്രന്റെ പ്രതികരണം. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മുക്കം മുഹമ്മദ് തന്നെയായിരിക്കുമെന്നും എന്‍സിപിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും സജീവമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എലത്തൂരില്‍ വിജയം ഉറപ്പാണെന്നും എ.കെ ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
