വാഹനങ്ങളുടെ പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് കേരളാ പൊലീസ് മുന്നറിയിപ്പ് നല്കി. പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത പക്ഷം അത് അവരുടെ സുരക്ഷയ്ക്കു മാത്രമല്ല, മുന്നില്‍ ഇരിക്കുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാകാമെന്ന് കേരളാ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
പിന്നിലും വേണം കേട്ടോ??
വാഹനം ഓടിക്കുമ്പോള്‍ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെല്‍റ്റ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ അപകടം സംഭവിക്കുമ്പോള്‍ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളില്‍ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെല്‍റ്റ് ആണ്.
പിന്നിലിരിക്കുന്ന യാത്രക്കാര്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്ത പക്ഷം, തങ്ങള്‍ക്ക് മാത്രമല്ല, മുന്നില്‍ ഇരിക്കുന്നവര്‍ക്കും ഗുരുതരമായ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.
സെക്കന്‍ഡറി, ടെറിഷറി ഇമ്പാക്ടുകളില്‍ നിന്ന് സംരക്ഷണം നല്കുന്ന സീറ്റ് ബെല്‍റ്റ് യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളില്‍ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ ഒഴിവാക്കാം.
അതിനാല്‍, വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെല്‍റ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിര്‍ബന്ധമാണ്. യാത്രയുടെ ആരംഭത്തില്‍ തന്നെ എല്ലാവരും സീറ്റ്ബെല്‍റ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.
