നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിൽ വ്യക്തമാക്കി. പാർലമെന്റിലെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും പറഞ്ഞു. എല്ലാ എംപിമാർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന തരത്തിൽ ആരാണ് പറഞ്ഞതെന്ന് ചോദിച്ച ഷാഫി, ചില മാധ്യമങ്ങൾ എംപിമാരുടെ ഫോട്ടോകൾ ഉപയോഗിച്ച് മത്സരിക്കാൻ തയ്യാറാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചു.
ഇത്തരം വാർത്തകൾ മാധ്യമ സൃഷ്ടികളാണെന്നും കോൺഗ്രസ് പ്രവർത്തകർ അവ വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ നിലപാട് വ്യക്തമാക്കാതെയായിരുന്നു ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നത്. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ചർച്ചകൾ ശക്തമായപ്പോഴും അദ്ദേഹം വ്യക്തത വരുത്തിയിരുന്നില്ല.
പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ഷാഫി പറമ്പിൽ വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായത്. പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കേന്ദ്രീകരിച്ച് അദ്ദേഹം രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നതോടെയാണ് ഷാഫി തന്റെ നിലപാട് തുറന്നുപറഞ്ഞത്
