മൂന്നാം ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 18 ദിവസങ്ങൾക്ക് ശേഷമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന നിരവധി ആരോപണങ്ങൾ വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ക്രൂരമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യാപേക്ഷയിൽ രണ്ട് തവണ വാദം നടന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയ്‌ക്കെതിരെ പ്രോസിക്യൂഷൻ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
അതേസമയം, അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന ആരോപണവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.
