ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. സംഭവം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായും അറിയിച്ചു.
അന്വേഷണ റിപ്പോർട്ട് ലഭിച്ച ഉടൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ട് പോലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
2021 മെയ് മാസത്തിൽ നടന്ന ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ പോയി ഡോക്ടറെ കണ്ടുവെന്ന ബന്ധുക്കളുടെ പരാതിയും അന്വേഷിക്കും. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നതും പണം വാങ്ങിയെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.
ശസ്ത്രക്രിയ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ഡോക്ടർക്കും സ്ക്രബ് നഴ്സിനും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മെഡിക്കൽ കോളേജുകളിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വ്യക്തിപരമായ വീഴ്ചകൾ മൂലം പ്രോട്ടോക്കോൾ ലംഘനം നടക്കുന്നത് ഗൗരവകരമാണെന്നും, ശസ്ത്രക്രിയ ഉപകരണങ്ങൾ വയറ്റിൽ ശേഷിച്ചാലും പ്രശ്നമില്ലെന്ന തരത്തിലുള്ള സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം വീഴ്ചകളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല. സാധാരണക്കാർ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ തുടർചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കുടുംബവുമായി സംസാരിച്ചതായും നീതി ഉറപ്പാക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും അവർ അറിയിച്ചു.
