പുതിയ സാമുദായിക നയം പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ

പുതിയ സാമുദായിക സമവാക്യം പ്രഖ്യാപിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. നായാടി മുതൽ നസ്രാണി വരെയുള്ള സമൂഹങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. നായർ സർവീസ് സൊസൈറ്റിയുമായി ഇനി ഭിന്നതയില്ലെന്നും ചർച്ചയ്ക്കായി പെരുന്നയിൽ പോകാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള സംഘർഷങ്ങൾക്ക് പിന്നിൽ യുഡിഎഫാണെന്നും, എൻഎസ്എസുമായി ഏറ്റുമുട്ടാൻ താൽപര്യമില്ലെന്നും സംഘടനയുമായി സമരസപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും, ക്രിസ്ത്യാനികൾ ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ക്രൈസ്തവ മതനേതൃത്വത്തിന്റെ പിന്തുണ നേടുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചു. വി.ഡി. സതീശൻ ഈഴവ വിരോധിയാണെന്നും, പിന്നോക്കക്കാരനായ താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതാണ് അദ്ദേഹത്തിന്റെ അസഹിഷ്ണുതയ്ക്ക് കാരണമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വർഗീയ വാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന നേതാവാണ് വി.ഡി. സതീശനെന്നും, മുഖ്യമന്ത്രി സ്ഥാനലക്ഷ്യമിട്ട് നടത്തുന്ന അടവ് നയമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക