പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ: നാട്ടിക എംഎൽഎ സി.സി മുകുന്ദനെ പുറത്താക്കി സിപിഐ

നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നാട്ടിക എംഎൽഎ സി.സി മുകുന്ദനെ സിപിഐ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് മുകുന്ദനെതിരെ നടപടി സ്വീകരിച്ചത്. മുകുന്ദനുമായി ബന്ധപ്പെട്ട വിഷയത്തിൽ മണ്ഡലം കമ്മിറ്റിയോട് തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മുമ്പ് നിർദേശം നൽകിയിരുന്നു.

നാട്ടിക നിയമസഭാ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായിരുന്ന സി.സി മുകുന്ദന് ഈ തവണ സീറ്റ് നിഷേധിച്ചതോടെയാണ് പാർട്ടി നേതൃത്വവുമായി അദ്ദേഹത്തിന് അകലം ഉണ്ടായത്. വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഇതിന് മുമ്പ് പാർട്ടി പദവികളിൽ നിന്നുമുള്ള രാജി മുകുന്ദൻ സമർപ്പിച്ചിരുന്നു. മുൻ എംഎൽഎ ഗീതാ ഗോപിക്ക് നൽകിയ സീറ്റ് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന സംശയം തനിക്കുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് കൂടുതൽ സ്വാധീനമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുകുന്ദൻ വ്യക്തമാക്കിയിരുന്നു. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നത് ശരിയല്ലെന്നും ഗീതയ്ക്ക് പണം പിരിച്ച് നൽകാനുള്ള കഴിവുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സിപിഐയിലെ വിഭാഗീയതയാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമായതെന്നും, ഒരുപാട് വിവാദങ്ങൾക്ക് ശേഷം അവരെ വീണ്ടും സ്ഥാനാർത്ഥിയാക്കുകയാണെന്നും മുകുന്ദൻ ആരോപിച്ചു. കൂടാതെ, കഴിഞ്ഞ വർഷം ഗീതാ ഗോപിയെ മാറ്റിയാണ് താനെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മറുപടി രേഖപ്പെടുത്തുക