റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം പരാമർശങ്ങൾ ശ്രീനാരായണ ധർമ്മത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. മത–ജാതി ഭിന്നതകൾ സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കാനുള്ള സംഘപരിവാർ–ജമാഅത്തെ ഇസ്ലാമി ശക്തികളുടെ ശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ച ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അത്തരം ശ്രമങ്ങളെ ദുർബലപ്പെടുത്തുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും, രാഷ്ട്രീയവും അഭിപ്രായവുമായ ഭിന്നതകൾക്ക് മറുപടിയായി വർഗീയ മുദ്രകുത്തൽ ശരിയല്ലെന്ന ബോധം സമൂഹം കൈവരിക്കേണ്ട സമയമാണിതെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ തന്റെ പരാമർശങ്ങൾ തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
