കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവും കെപിസിസി മുൻ പ്രസിഡന്റുമായ പി. പി. തങ്കച്ചൻ (86) വിയോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ അനുശോചന പ്രവാഹമാണ്. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽനിറഞ്ഞുനിന്ന സൗമ്യമുഖം വിടവാങ്ങുമ്പോൾ, കലങ്ങിമറിഞ്ഞ കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നും സമവായ പാതയിലൂടെ സഞ്ചരിച്ച പിപി തങ്കച്ചന്‍റെ രാഷ്ട്രീയ ജീവതം വേറിട്ടു തന്നെ നിൽകും. വൈദികൻറെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പിപി തങ്കച്ചൻ. അച്ഛൻ വൈദികൻ, അച്ഛന്‍റെ അനിയൻ അഭിഭാഷകൻ. ചെറുപ്പത്തിൽ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് താൻ ആദ്യം ശങ്കിച്ചിരുന്നുവെന്ന് തങ്കച്ചൻ മുൻപ് പറഞ്ഞിരുന്നു.
ഒടുവിൽ ളോഹക്ക് പകരം കോട്ടിട്ട് ഇളയച്ഛൻറെ സഹായിയായി അങ്കമാലിയിൽ നിന്നും പെരുമ്പാവൂരിലെത്തി. അങ്കമാലിയിൽ നിന്നു അഭിഭാഷകനായി പെരുമ്പാവൂരിലെത്തി, പിന്നീട് ആ നാടിലൂടെ രാഷ്ട്രീയ നേതൃത്വത്തിലെത്തിയ ചരിത്രമാണ് പി.പി തങ്കച്ചന്റേത്. അങ്കമാലി നായത്തോടു പൈനാടത്ത് പരേതനായ ഫാ പൗലോസിന്റെ മകനായി 1939 ജൂലൈ 29–ന് ആണ് തങ്കച്ചന്‍റെ ജനനം. നിയമബിരുദവും പൊതുഭരണത്തിൽ ഡിപ്ലോമയും നേടി അങ്കമാലിയിൽ അഡ്വ ഇട്ടി കുര്യന്റെ ജൂനിയറായി അഭിഭാഷകരംഗത്ത് പ്രവേശിച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് തങ്കച്ചൻ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ ആശ്രമം സ്കൂളിനു സമീപത്തെ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതു പ്രവർത്തനത്തിലെത്തുന്നത്. 1968ൽ 26ആം വയസ്സിൽ തങ്കച്ചൻ പെരുന്പാവൂർ നഗരസഭ അദ്ധ്യക്ഷനായി. രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർമാനെന്ന റെക്കോർഡിട്ടായിരുന്നു തുടക്കം.
പിന്നീട് 91 മുതൽ 95 വരെ നിയമസഭ സ്പീക്കർ, 95 മുതൽ 96 വരെ ആന്‍റണി മന്ത്രിസഭയിൽ കൃഷി മന്ത്രി, കെപിസിസി പ്രസിഡന്‍റ്,യുഡിഎഫ് കൺവീനർ എന്നിങ്ങനെ കോൺഗ്രസ്സിൽ മേൽവിലാസങ്ങൾ ഒരുപാടുണ്ടായിരുന്നു പി പി തങ്കച്ചന്. എറണാകുളത്തെ കോൺഗ്രസ്സിന്‍റെ മണ്ണ് ആണ് പി പി തങ്കച്ചനിലെ നേതാവിനെ പരുവപ്പെടുത്തിയത്. ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തിയ നാളുകളിൽ ലീഡർക്കൊപ്പം തങ്കച്ചൻ അടിയുറച്ചു നിന്നു. 1982 മുതൽ 96 വരെ പെരുമ്പാവൂർ യുഡിഎഫിന്‍റെ ഉറച്ച കോട്ടയാക്കി മധ്യകേരളത്തിലെ കോൺഗ്രസ്സിന്‍റെ തലയെടുപ്പുള്ള നേതാവായി മാറി തങ്കച്ചൻ. എന്നാൽ 2001 ൽ സിപിഎമ്മിലെ സാജു പോളിനോട് അടിപതറി. സംസ്ഥാനത്ത് 100 സീറ്റുമായി എ കെ ആന്‍റണിയുടെ നേതൃത്വത്തിൽ യുഡിഎഫ് തകർപ്പൻ ജയം നേടിയപ്പോൾ തോറ്റ ഒരു പ്രമുഖൻ തങ്കച്ചനായിരുന്നു.
ലീഡറുടെ വലം കൈ ആയിരുന്നെങ്കിലും 2005 ഡി ഐ സി രൂപീകരിച്ച് കരുണാകരൻ പാർട്ടി വിട്ടപ്പോഴും തങ്കച്ചൻ കോൺഗ്രസ്സിൽ അടിയുറച്ചു നിന്നു. തുടർന്ന് 2005ൽ മുഖ്യമന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയൊഴിഞ്ഞ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് തങ്കച്ചനെത്തി. അന്ന് മുതൽ 2018 വരെ നീണ്ട 13 വർഷം യുഡിഎഫ് കൺവീനർ സ്ഥാനത്ത്തങ്കച്ചൻ തുടർന്നു. തങ്കച്ചനിലെ മെയ് വഴക്കമുള്ള രാഷ്ട്രീയക്കാരനെ കണ്ട നാളുകളായിരുന്നു അത്. അഞ്ചാം മന്ത്രി സ്ഥാനം മുതൽ സോളാറും ബാർ കോഴയും പിന്നിട്ട് മുന്നണി ആടിയുലഞ്ഞ ഘട്ടത്തിൽ എല്ലാം കക്ഷികളെ വഴക്കത്തോടെ വിളക്കിച്ചേർത്തു കൺവീനർ തങ്കച്ചൻ.
മുന്നണിക്കുള്ളിൽ തർക്കങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുമ്പോഴും പുറത്തേക്ക് എല്ലാം ഭദ്രമാക്കി നിർത്തുന്നതായിരുന്നു തങ്കച്ചൻ ശൈലി. നിസാരമെന്ന ഒഴുക്കൻ പറച്ചിലിൽ വലതുമുന്നയിലെ രഹസ്യങ്ങൾ ഭദ്രമായിരുന്നു. കൺവീനർ സ്ഥാനമൊഴിഞ്ഞ 2018 മുതൽ സജീവരാഷ്ട്രീയത്തിൽ നിന്നും പതിയെ വിട്ട് നിൽക്കുകയായിരുന്നു പി പി തങ്കച്ചൻ.കുറച്ച് നാളുകളായി അനാരോഗ്യം അലട്ടിയിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒടുവിൽ ഇന്നലെ വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.