വയനാട്ടിൽ ‘ടൂറിസ്റ്റുകളായി’ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല; ടി. സിദ്ദിഖിന് പിന്തുണയുമായി രമ്യ ഹരിദാസ്

കഴിഞ്ഞ ദിവസം വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ചീഫ് സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തിൽ ടി. സിദ്ദിഖ് എം.എൽ.എയുടെ പേര് പരാമർശിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളി ഉയർന്നിരുന്നു . സംഭവത്തിൽ പ്രതിഷേധം ആസൂത്രിതമാണെന്നും സി.പി.എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നുമാണ് സിദ്ദിഖിന്റെ ആരോപണം.

ദുരിതബാധിതരാരും തന്നെ കൂവിയിട്ടില്ലെന്നും അവർ തനിക്കൊപ്പം നിൽക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്തമുള്ളവർ സംഭവത്തിൽ ഇടപെടാതിരുന്നതിൽ തനിക്ക് നിരാശയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ ടി. സിദ്ദിഖിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് രംഗത്തെത്തി. ദുരന്തസമയത്ത് ജീവൻ പണയം വെച്ച് ജനങ്ങളോടൊപ്പം നിന്ന സിദ്ദിഖിനെ മുണ്ടക്കൈ–ചൂരൽമല പ്രദേശവാസികൾ നന്നായി അറിയാമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. വയനാട്ടിലെ വേദന അനുഭവിക്കാത്തവർ ‘ടൂറിസ്റ്റുകളായി’ എത്തി വിമർശിക്കുന്നുവെന്നായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, രമ്യ ഹരിദാസിന്റെ പോസ്റ്റിന് താഴെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരാമർശിച്ചുകൊണ്ടുള്ള പരിഹാസ കമന്റുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.

മറുപടി രേഖപ്പെടുത്തുക