കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ‘കലുങ്ക് സംവാദം’ പരിപാടിക്കിടെ ഒരു സാധാരണക്കാരനോട് സുരേഷ് ഗോപി പെരുമാറിയ രീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ‘പ്രജകൾ’ എന്ന ഭാഷ ഉപയോഗിക്കുന്നതിലൂടെ ചതുർവർണ്യ–ബ്രാഹ്മണ്യ ചിന്തയാണ് പ്രകടമാകുന്നതെന്നും, പട്ടികജാതി–പട്ടികവർഗ്ഗ വകുപ്പുകൾ സവർണ്ണർ ഭരിച്ചാൽ മാത്രമേ വികസനം ഉണ്ടാകൂ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
കൊടുങ്ങല്ലൂരിൽ നിവേദനം നൽകാനെത്തിയ കൊച്ചുവേലായുധൻ എന്ന വയോധികനെ അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ, സിപിഐഎം നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകി, ഇന്ന് താക്കോൽദാനം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
