ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നതിന് ആറാം ദിവസമാണ് കുടിയൊഴിപ്പിക്കൽ നിർത്തലാക്കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ സംഘടിതരാക്കി വർഗസമരം നടത്തിയാണ് ഇന്നത്തെ കേരളം രൂപപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 1967-ൽ അധികാരത്തിൽ വന്ന ഇടത് സർക്കാർ ജന്മിത്തം ഇല്ലാതാക്കിയതും ഇതൊന്നും താനേ സംഭവിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷതയാണ് കേരളത്തിന്റെ ശക്തിയെന്നും കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. അത് ഇടത് സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളുടെ ഫലമാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മനുസ്മൃതിയെ ഭരണഘടനയാക്കണമെന്ന് ആർഎസ്എസ് പറയുന്നതായി വിമർശിച്ച അദ്ദേഹം, പുരാണങ്ങളെ ചരിത്രത്തിന് പകരം വെക്കുന്ന പ്രവണത ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞു. സ്വാമി വിവേകാനന്ദനെപ്പോലും ഒരുകാലത്ത് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്ത സമൂഹമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആർഎസ്എസ് നേതൃത്വം നൽകുന്ന ഹിന്ദുത്വ ഭീകരവാദം കേന്ദ്രത്തിൽ അധികാരത്തിലാണെന്നും, വർഗീയവൽക്കരണത്തിനായി അവർ പണം ഒഴുക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ഇതിന് കോർപ്പറേറ്റുകൾ സാമ്പത്തിക സഹായം നൽകാൻ തയ്യാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ ഒരിക്കലും വർഗീയവാദികളല്ലെന്നും, ജാതിയെയും മതത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നേടാനുള്ള ശ്രമങ്ങളാണ് വർഗീയതയെന്നും അദ്ദേഹം വിമർശിച്ചു.
