അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും: വി.ഡി സതീശൻ

കേരളത്തിന് ഒരു പുതിയ കാലഘട്ടം വരാനിരിക്കുകയാണ്, അതിന്റെ സൂചനകൾ പല ഇടങ്ങളിലും ഇതിനകം തന്നെ പ്രകടമായിക്കഴിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ആർക്കും ദോഷം വരരുതെന്നാണ് തന്റെ കുടുംബത്തിന്റെ പ്രാർത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം എത്തിയപ്പോഴായിരുന്നു പ്രതികരണം.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ദി കേരള സ്റ്റോറി”യാണ് ആറ്റുകാൽ പൊങ്കാല. പാളയം പള്ളിയിലെ ഇമാം തന്നെ ആദ്യം ആ സന്ദേശം പങ്കുവെച്ചത് കേട്ട് കണ്ണ് നിറഞ്ഞുവെന്നും, അതാണ് നമ്മുടെ കേരളം ലോകത്തോട് പറയേണ്ട സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന നിമിഷമാണിതെന്നും കൂട്ടിച്ചേർത്തു.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ തെറ്റ് തിരുത്തിയതായും, ഇപ്പോഴെടുത്ത തീരുമാനം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും, ഇനിയും രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകുമെന്നും വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.രമേശ് പിഷാരടിയുടെ പേര് പരിഗണനയിൽ ഉള്ളത് അഭിമാനകരമാണെന്നും, സ്ഥാനാർഥിത്വമില്ലെങ്കിലും അദ്ദേഹം പാർട്ടിയുടെ ഭാഗമാണെന്നത് തന്നെ അഭിമാനമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക