വിന്‍ഡ്‌ഹോക്: ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് കുഞ്ഞന്മാരായ നമീബിയ. ഏക ടി20 മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു നമീബിയയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. 30 പന്തില്‍ 31 റണ്‍സെടുത്ത ജേസണ്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയ ക്വിന്റണ്‍ ഡി കോക്ക് (1) നിരാശപ്പെടുത്തി. റൂബന്‍ ട്രംപല്‍മാന്‍ നമീബിയക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാക്‌സ് ഹീങ്കോ രണ്ടും വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 23 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന സെയ്ന്‍ ഗ്രീനാണ് നമീബിയയെ വിജയത്തിലേക്ക് നയിച്ചത്.
അവസാന രണ്ട് ഓവറില്‍ 23 റണ്‍സാണ് നമീബിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 12 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. സിംലെയ്ന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സെയ്ന്‍ ഗ്രീന്‍ സിക്‌സ് നേടി. രണ്ടാം പന്തില്‍ ഒരു റണ്‍. അടുത്ത നാല് പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. അടുത്ത പന്തില്‍ ട്രംപല്‍മാന്‍ രണ്ട് ഓടിയെടുത്തു. പിന്നീട് വേണ്ടത് ജയിക്കാന്‍ രണ്ട് റണ്‍സ്. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അഞ്ചാം പന്തില്‍ ഗ്രീനിന് റണ്‍സെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് നമീബിയ ചരിത്ര വിജയം ആഘോഷിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കക്കെതിരെ നമീബിയയുടെ ആദ്യ മത്സരമായിരുന്നിത്. ടെസ്റ്റ് കളിക്കുന്ന ടീമുകള്‍ക്കെതിരെ നമീബിയ സ്വന്തമാക്കുന്ന 11-ാം ജയമാണിത്.
21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസും നമീബിയക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി നന്ദ്രേ ബര്‍ഗര്‍, ആന്‍ഡിലെ സിംലെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ക്വിന്റണ്‍ ഡി കോക്ക് (1) നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഡി കോക്കിനെ നഷ്ടമായി. ജെര്‍ഹാര്‍ഡ് ഇറാസ്മസിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ റീസ ഹെന്‍ഡ്രിക്‌സിനും (7) തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ രണ്ടിന് 25 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
തുടര്‍ന്നെത്തിയ റുബിന്‍ ഹെര്‍മാന്‍ (23), സ്മിത്ത് (31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ലുവാന്‍ പ്രിട്ടോറ്യൂസ് 22 റണ്‍സ് നേടി. പ്രഖുഖ താരങ്ങളില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഡോണോവന്‍ ഫെറൈരയാണ് നയിച്ചത്. അദ്ദേഹത്തിനും തിളങ്ങാന്‍ കഴിഞ്ഞില്ല. നാല് റണ്‍സ് മാത്രമാണ് നേടിയത്. സിമെലെയ്ന്‍ (11), ജെറാള്‍ഡ് കോട്‌സീ (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബ്യോണ്‍ ഫോര്‍ട്ടുയിന്‍ (19) പുറത്താവാതെ നിന്നു.