കൃഷ്ണപ്രസാദിന് വെടിക്കെട്ട് സെഞ്ചുറി, ട്രിവാൻഡ്രത്തിനെതിരെ തൃശൂരിന് കൂറ്റൻ വിജയലക്ഷ്യം

Kerala Cricket League

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാൻഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് 202 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് റോയൽസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 62 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന കൃഷ്ണപ്രസാദ് 10 സിക്സും ആറ് ഫോറും പറത്തി.

ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പം വിഷ്ണുരാജായിരുന്നു ട്രിവാൻഡ്രം റോയൽസിനായി ഇന്നിങ്സ് തുറന്നത്. സെമി സാധ്യതകൾ അവസാനിച്ചതിനാൽ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയൽസിൻ്റെ താരങ്ങൾ ബാറ്റ് വീശി. എന്നാൽ വിഷ്ണുരാജിനും തുടർന്നെത്തിയ അനന്തകൃഷ്ണനും പിടിച്ചു നിൽക്കാനായില്ല. വിഷ്ണുരാജ് 14ഉം അനന്തകൃഷ്ണൻ ഒരു റണ്ണും എടുത്ത് മടങ്ങി. തുടർന്നെത്തിയ റിയ ബഷീറും എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. നിർഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കി. റിയ ബഷീർ 17ഉം നിഖിൽ 12ഉം റൺസ് നേടി മടങ്ങി.

സെഞ്ച്വറി പൂർത്തിയാക്കിയ ശേഷവും കൂറ്റൻ ഷോട്ടുകളിലൂടെ ബാറ്റിങ് തുടർന്ന കൃഷ്ണപ്രസാദ് 119 റൺസുമായി പുറത്താകാതെ നിന്നു. 62 പന്തുകളിൽ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. അബ്ദുൾ ബാസിദ് 13 പന്തുകളിൽ 28 റൺസെടുത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസാണ് കൂട്ടിച്ചേർത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു