ജീവനക്കാരുടെ ഫോൺ ട്രാക്ക് ചെയ്ത് ആമസോൺ; ഇത് ‘ഹാര്‍ഡ്കോര്‍ കള്‍ച്ചര്‍’, പരാതിയുമായി തൊഴിലാളികൾ

Amazon Employees

ടെക് ഭീമനായ ആമസോണ്‍, ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കുന്നു. കമ്പനി നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍, തങ്ങളുടെ ഉപയോഗത്തിന്റെ എത്ര ശതമാനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണെന്ന് ഇനി കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫോണ്‍ ഉപയോഗത്തിന്റെ പണം, അവര്‍ക്ക് ലഭിക്കുന്ന പ്രതിമാസ റീഇംബേഴ്സ്മെന്റ് തുകയില്‍ നിന്ന് കുറയ്ക്കും. നിലവില്‍, ആമസോണ്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 50 ഡോളര്‍ (ഏകദേശം 4,150 രൂപ) ഫോണ്‍ ബില്ലിനായി നല്‍കുന്നുണ്ട്. പുതിയ നിയമം അനുസരിച്ച്, ഒരാള്‍ 50% ഫോണ്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍,, 25 ഡോളര്‍ (ഏകദേശം 2,075 രൂപ) മാത്രമേ ലഭിക്കൂ. കമ്പനിയുടെ വെബ് സര്‍വീസസ് വിഭാഗത്തിലെ ജീവനക്കാര്‍ക്കാണ് ഈ നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. ചെലവ് കുറച്ച് കമ്പനികള്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

‘ഹാര്‍ഡ്കോര്‍ കള്‍ച്ചര്‍’ എന്ന പേരില്‍ ആമസോണ്‍

ജെഫ് ബെസോസിന് ശേഷം ആമസോണിന്റെ സിഇഒ ആയി ചുമതലയേറ്റ ആന്‍ഡി ജാസ്സി, കമ്പനിയില്‍ ‘ഹാര്‍ഡ്കോര്‍ കള്‍ച്ചര്‍’ എന്ന പേരില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എല്ലാ നീക്കങ്ങളും കമ്പനി നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുമുമ്പ്, ജീവനക്കാരുടെ യാത്രകളും ഭക്ഷണച്ചെലവുകളും ഉള്‍പ്പെടെയുള്ളവ കൃത്യമായി രേഖപ്പെടുത്താന്‍ ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു. സിഇഒ ആന്‍ഡി ജാസ്സിയുടെ ‘ഈ പണം നിങ്ങളുടേതായിരുന്നെങ്കില്‍ എന്തു ചെയ്യും?’ എന്ന ചോദ്യം കമ്പനിയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മൈക്രോമാനേജ്‌മെന്റ് രീതികള്‍ വരുന്നത്. ഈ പുതിയ രീതികള്‍ ജീവനക്കാരില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജീവനക്കാര്‍ക്ക് ആശങ്ക

നിരവധി ജീവനക്കാര്‍ പുതിയ നിയമത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനി നല്‍കിയ ഫോണ്‍ ഒരു ജോലിയുടെ ഭാഗമായി കാണാതെ, ഒരു ആനുകൂല്യമായി കാണുന്നത് മാനേജ്‌മെന്റിന്റെ മൈക്രോമാനേജ്‌മെന്റിന്റെ ഭാഗമാണെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍, കമ്പനിയുടെ നയങ്ങളെ ന്യായീകരിച്ചുകൊണ്ട് ആമസോണ്‍ വക്താവ് രംഗത്തെത്തി. ലാളിത്യം എന്നത് ആമസോണിന്റെ ഒരു അടിസ്ഥാന തത്വമാണെന്നും, ഈ മാറ്റങ്ങള്‍ കമ്പനിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക