കാലിഫോർണിയ: ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വമ്പന്‍ അപ്‍ഗ്രേഡുകളുമായി ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് വേദിയായ അനാച്ഛാദന ചടങ്ങില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ഇവയില്‍ ഐഫോണ്‍ 17 എയർ 5.6 മില്ലീമീറ്റർ മാത്രം കട്ടിയുമായി ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്ന ഖ്യാതിയുമായാണ് അവതരിച്ചിരിക്കുന്നത്. ലിക്വിഡ് ഗ്ലാസ് ഇന്‍റർഫേസാണ് ഐഫോണ്‍ 17 സീരീസിന്‍റെ ഏറ്റവും വലിയ സവിശേഷത. എ19 ചിപ്, എ19 പ്രോ ചിപ്, ക്യാമറ, ബാറ്ററി അപ്‍ഗ്രേഡുകള്‍ തുടങ്ങി ഏറെ പുതുമ ഐഫോണ്‍ 17 ശ്രേണിക്ക് അവകാശപ്പെടാനുണ്ട്. ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളും 256 ജിബി സ്റ്റോറേജിലാണ് ആരംഭിക്കുന്നത്.
1. ഐഫോണ്‍ 17
സ്റ്റാന്‍ഡേർഡ് ഐഫോണ്‍ 17 സ്‍മാർട്ട്‍ഫോണ്‍ നാല് നിറങ്ങളിലാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആദ്യമായി സ്റ്റാന്‍ഡേർഡ് മോഡലിന് 120 ഹെർട്‍സ് പ്രോ-മോഷന്‍ ഡിസ്പ്ലെ ലഭിച്ചു. 6.3 ഇഞ്ചിന്‍റെ വലിയ ഡിസ്പ്ലെയും അപ്‍ഗ്രേഡാണ്. ഐഫോണ്‍ 16ന്‍റെ ഡിസ്പ്ലെ 6.1 ഇഞ്ചായിരുന്നു. 3000 നിറ്റ്സാണ് പീക്ക് ബ്രൈറ്റ്നസ്. എ19 ചിപ്പാണ് ഐഫോണ്‍ 17ന്‍റെ മസ്തിഷ്‍കം. ആപ്പിള്‍ ഇന്‍റിലിജന്‍സ് ഫീച്ചുകളെ പിന്തുണയ്ക്കാനുള്ള കരുത്ത് ഈ ഐഫോണിനുണ്ട്. ഐഫോണ്‍ 16 ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ 8 മണിക്കൂർ അധികം വീഡിയോ പ്ലേബാക്ക് ഐഫോണ്‍ 17നുണ്ട്. വയേർഡ് ചാർജർ വഴി 20 മിനിറ്റില്‍ 50 ശതമാനം ചാർജ് ആവുമെന്നതും അപ്‍ഗ്രേഡാണ്. റിയർ ഭാഗത്ത് 48 എംപി ഡുവല്‍ ഫ്യൂഷന്‍ ക്യാമറ ഉള്‍പ്പെടുത്തിയിരിക്കുന്നു.
2. ഐഫോണ്‍ 17 എയർ
ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണാണ് പുത്തന്‍ ഐഫോണ്‍ 17 എയർ. 5.6 എംഎം ആണ് ഐഫോണ്‍ 17 എയറിന്‍റെ കട്ടി. 6.5 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്‍ഡിആർ ഡിസ്പ്ലെ, 120 ഹെർട്‍സ് ഡിസ്‍പ്ലെ 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ടൈറ്റാനിയം ഫ്രെയിം, നാല് നിറങ്ങള്‍, എ19 പ്രോ ചിപ്, എന്‍1 വൈ-ഫൈ ചിപ് (ആപ്പിളിന്‍റെ ആദ്യ വൈ-ഫൈ ചിപ്) എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 48 എം.പിയുടെ ഫ്യൂഷന്‍ സിംഗിള്‍ ക്യാമറയാണ് ഐഫോണ്‍ 17 എയറിലുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള 18 എംപി ക്യാമറയും. 4കെ വീഡിയോ റെക്കോർഡിംഗ് ഐഫോണ്‍ 17 എയറില്‍ സാധ്യമാണ്. ഫോണില്‍ സിം ട്രേയുണ്ടാവില്ല, ഇ-സിം സൗകര്യമാണ് ഉപയോഗിക്കാനാവുക. ദിവസം മുഴുവന്‍ ഉപയോഗിക്കാനുള്ള ബാറ്ററി ഈ കുഞ്ഞന്‍ ഫോണിന് ലഭിക്കുമെന്നാണ് ആപ്പിളിന്‍റെ അവകാശവാദം. 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ആപ്പിള്‍ വാഗ്‍ദാനം ചെയ്യുന്നു.
3. ഐഫോണ്‍ 17 പ്രോ
ഡൂറബിളിറ്റി മനസില്‍ കണ്ട് ആപ്പിള്‍ നിർമ്മിച്ചതാണ് ഐഫോണ്‍ 17 പ്രോ. 6.9 ഇഞ്ചാണ് ഡിസ്‍പ്ലെ സൈസ്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എ19 പ്രോ ചിപ്പില്‍ തയ്യാറാക്കിയിരിക്കുന്ന ഐഫോണ്‍ 17 പ്രോയില്‍ വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം അടങ്ങിയിരിക്കുന്നു. മൂന്ന് നിറങ്ങള്‍, അലുമിനിയം ബോഡി, 18 എംപി സെല്‍ഫി ക്യാമറ, 48 എംപി ട്രിപ്പിള്‍ റിയർ ക്യാമറ (48 എംപി ഫ്യൂഷന്‍ അള്‍ട്രാ-വൈഡ്, 48 എംപി ഫ്യൂഷന്‍ ടെലിഫോട്ടോ, 48 എംപി ഫ്യൂഷന്‍ മെയിന്‍ ക്യാമറ) എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍. 48 എംപിയുടെ പുതിയ ഫ്യൂഷന്‍ ടെലിഫോട്ടോ ക്യാമറയാണ് ഇതില്‍ ഏറ്റവും ആകർഷണം. ഐഫോണ്‍ 17 പ്രോ 8എക്‍സ് ഒപ്റ്റിക്കല്‍ സൂം നല്‍കുന്നു.
ഐഫോണ്‍ 17 സീരീസ് വിലകള്‍
ഐഫോണ്‍ 17 – ₹82,900
ഐഫോണ്‍ 17 എയർ – ₹1,19,900
ഐഫോണ്‍ 17 പ്രോ – ₹1,34,900