മുംബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാനുള്ള ആദ്യ ദിനം മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. മുംബൈയിലെ ബികെസി ആപ്പിള്‍ സ്റ്റോറില്‍ ഐഫോണുകള്‍ വാങ്ങാനെത്തിയവര്‍ തമ്മില്‍ കൂട്ടയടിയുണ്ടായി. ക്യൂവിനെ ചൊല്ലിയുള്ള തര്‍ക്കവും ഉന്തും തള്ളുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബികെസി സെന്ററിലെ ജീവനക്കാര്‍ക്ക് ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. മുംബൈയിലെ ബികെസി സെന്ററില്‍ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ വാങ്ങാനെത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഐഫോണുകള്‍ വാങ്ങാന്‍ കൂട്ടയടി
മുംബൈയിലെ ബികെസി ആപ്പിള്‍ സെന്ററില്‍ ( Banda Kurla Complex Apple Store) ഐഫോണ്‍ 17 സീരീസ് വാങ്ങാനായി പുലര്‍ച്ചെ ഒരു മണി മുതല്‍ ക്യൂ ദൃശ്യമായിരുന്നു. രാജ്യത്ത് ഐഫോണ്‍ 17 മോഡലുകള്‍ വാങ്ങാനായി ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലൊന്നാണിത്. മുംബൈക്ക് പുറമെ ദില്ലിയിലും ബെംഗളൂരുവിലും ആപ്പിള്‍ സ്റ്റോറുകളില്‍ നല്ല തിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നിലെ സംഘര്‍ഷത്തില്‍ ചിലരെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്ത് വാങ്ങാനായി എത്തിയവര്‍ തമ്മിലാണ് കൂട്ടയടിയുണ്ടായത്. ഐഫോണ്‍ 17 മോഡലുകളുടെ വില്പനയുടെ ആദ്യ ദിനം തിരക്കുണ്ടാവുമെന്ന് ഉറപ്പായിട്ടും മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ബികെസി മാളില്‍ ഒരുക്കിയിരുന്നില്ല എന്ന പരാതി ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
വിപണിയിലെത്തിയത് നാല് ഐഫോണുകള്‍
ഐഫോണ്‍ 17 സീരീസില്‍ നാല് സ്മാര്‍ട്ട്ഫോണുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണിത്. ഡിസൈനിലും ബാറ്ററി ശേഷിയിലും ക്യാമറയിലും സ്റ്റോറേജിലും അടക്കം മികച്ച അപ്ഗ്രേഡുകള്‍ ഈ സീരീസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. വെറും 5.6 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള ഐഫോണ്‍ എയര്‍ ആയിരുന്നു ഈ നിരയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രം. ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണാണ് പുത്തന്‍ ഐഫോണ്‍ എയര്‍. ഇന്ത്യയില്‍ ഐഫോണ്‍ 17 സീരീസ് വില്പനയുടെ ആദ്യ ദിനം വന്‍ തിരക്കാണ് ആപ്പിള്‍ സ്റ്റോറുകളില്‍ അനുഭവപ്പെടുന്നത്.