ഗൂഗിളിലും നിര്‍ദാക്ഷിണ്യം കടുംവെട്ട്; ക്ലൗഡ് വിഭാഗത്തില്‍ നിന്ന് നൂറിലേറെ പേരെ പിരിച്ചുവിട്ടു

Google Layoff

കാലിഫോര്‍ണിയ: ടെക് ലോകത്തെ കൂട്ടപ്പിരിച്ചുവിടലുകളുടെ കൂട്ടത്തിലേക്ക് അമേരിക്കന്‍ ഭീമനായ ഗൂഗിളും. ഗൂഗിള്‍ അവരുടെ ക്ലൗഡ് വിഭാഗത്തില്‍ നിന്ന് നൂറിലധികം ഡിസൈനര്‍മാരെ പിരിച്ചുവിട്ടു എന്നാണ് സിഎന്‍ബിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എഐയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) കൂടുതലായി ശ്രദ്ധപതിപ്പിക്കുന്നതിന്‍റെ ഭാഗമായി തന്നെയാണ് ഈ പിരിച്ചുവിടലുമെന്നും വാര്‍ത്തയില്‍ പറയുന്നു. ജീവനക്കാരോട് എഐയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ ഗൂഗിള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ വാര്‍ത്ത പുറംലോകം അറിഞ്ഞത്. എത്ര പേരെയാണ് ഇപ്പോള്‍ ഗൂഗിള്‍ ഒഴിവാക്കിയിരിക്കുന്നതെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. 

ജോലിക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടത് എന്തിന്?

ഗൂഗിള്‍ ക്ലൗഡ് യൂണിറ്റിന്‍റെ ക്വാണ്ടിറ്റേറ്റീവ് യൂസർ എക്‌സ്‌പീരിയൻസ് റിസർച്ച് ടീമിലെയും, പ്ലാറ്റ്‌ഫോം ആൻഡ് സർവീസ് എക്‌സ്‌പീരിയൻസ് ടീമിലെയും, മറ്റ് ചില അനുബന്ധ ടീമുകളിലേയും ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ക്ലൗഡ് യൂണിറ്റിലെ ചില ഡിസൈൻ ടീമുകളിലെ ജോലിക്കാരുടെ എണ്ണം ഗൂഗിൾ പകുതിയാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. ചില റോളുകള്‍ പൂര്‍ണമായും എടുത്തുകളഞ്ഞു. ഇപ്പോഴത്തെ തൊഴില്‍ നഷ്‌ടം നേരിട്ടവരില്‍ മിക്കവരും യുഎസ് ആസ്ഥാനമായി ജോലി ചെയ്‌തിരുന്നവരാണ്. പുതിയ ജോലി കണ്ടെത്താൻ ചില ജീവനക്കാർക്ക് ഡിസംബർ ആദ്യം വരെ സമയം ഗൂഗിള്‍ നീട്ടിനല്‍കിയിട്ടുമുണ്ട്. അതേസമയം, പിരിച്ചുവിടലുകളെ കുറിച്ച് സിഎന്‍ബിസിയോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മെച്ചപ്പെടുത്താന്‍ ഗൂഗിള്‍ പരിശ്രമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ ലേഓഫ് വന്നിരിക്കുന്നത്.

എഐയില്‍ ശ്രദ്ധിക്കാതെ വഴിയില്ല

ദിനംപ്രതിയുള്ള ജോലികളില്‍ എഐ കൂടുതലായി ഉപയോഗിക്കാന്‍ ജീവനക്കാരോട് ഗൂഗിള്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സ്വയം പിരിഞ്ഞുപോകാനുള്ള അവസരം യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പല യൂണിറ്റുകളിലെയും ജോലിക്കാര്‍ക്ക് മുന്നില്‍ ഈ വര്‍ഷാദ്യം ഗൂഗിള്‍ വച്ചുനീട്ടിയിരുന്നു. ചെറിയ ടീമുകളുടെ മേല്‍നോട്ടം വഹിക്കുന്ന മൂന്നിലൊന്ന് മാനേജര്‍മാരെ ഗൂഗിള്‍ പറഞ്ഞുവിടുകയും ചെയ്‌തിരുന്നു. മാനവവിഭവശേഷി, ഹാർഡ്‌വെയർ, സെര്‍ച്ച്, പരസ്യങ്ങൾ, മാർക്കറ്റിംഗ്, ധനകാര്യം, വാണിജ്യ വിഭാഗങ്ങൾ തുടങ്ങിയ യൂണിറ്റുകളിൽ യുഎസ് ആസ്ഥാനമായുള്ള ജീവനക്കാർക്ക് ഗൂഗിള്‍ സ്വയം പിന്‍വാങ്ങല്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഗൂഗിളിന് പുറമെ മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ ടെക് ഭീമന്‍മാരും 2025ല്‍ ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ടെക് മേഖലയില്‍ ജോലി നഷ്‌ടമായ വര്‍ഷങ്ങളിലൊന്നാണ് 2025. 

മറുപടി രേഖപ്പെടുത്തുക