ടെസ്ല സിഇഒയും ആഗോള ശതകോടീശ്വരനുമായ എലോൺ മസ്ക് തന്റെ ആത്മകഥ എഴുതാൻ ഒരുങ്ങുകയാണ്. തന്റെ ജീവിതാനുഭവങ്ങളും പഠിച്ച പാഠങ്ങളും ലോകവുമായി പങ്കിടാൻ ഉദ്ദേശിക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അദ്ദേഹം വെളിപ്പെടുത്തി.
2023-ൽ പ്രശസ്ത എഴുത്തുകാരൻ വാൾട്ടർ ഐസക്സൺ എഴുതിയ മസ്കിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ജീവചരിത്രത്തെക്കുറിച്ചുള്ള ഒരു ഉപയോക്താവിന്റെ പോസ്റ്റിന് മസ്ക് മറുപടി നൽകുകയായിരുന്നു . “എനിക്ക് എന്റെ കഥ പറയണം. മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതിനായി എന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ പങ്കിടണം,” അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു.
മസ്കിന്റെ കുട്ടിക്കാലം മുതൽ 2022-ൽ ട്വിറ്റർ വാങ്ങുന്നത് വരെയുള്ള നിരവധി കാര്യങ്ങൾ ഐസക്സണിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇനിയും നിരവധി കഥകൾ പറയാനുണ്ടെന്ന് മസ്ക് കരുതുന്നതായി തോന്നുന്നു.
മസ്ക് ഒരു പുസ്തകം എഴുതിയാൽ, 2023 നും 2025 നും ഇടയിലുള്ള പ്രധാന സംഭവവികാസങ്ങൾ അതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. തന്റെ രാഷ്ട്രീയ പ്രവേശനം, ട്രംപിനുള്ള പിന്തുണ, ടെസ്ലയുടെ ഭാവി പദ്ധതികൾ, ഒപ്റ്റിമസ് റോബോട്ട് വഴി 20 ട്രില്യൺ ഡോളർ വിപണി മൂല്യത്തിന്റെ ലക്ഷ്യം, xAI വഴി കൃത്രിമബുദ്ധി മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങൾ തുടങ്ങിയ വശങ്ങൾ അദ്ദേഹം വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, മസ്കുമായി വളരെ അടുപ്പമുള്ളആളും ജീവചരിത്രം എഴുതിയിട്ടുള്ളതുമായ ഐസക്സൺ അടുത്തിടെ മസ്കിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിക്കുകയും ചെയ്തിരുന്നു. മറുവശത്ത്, പ്രശസ്ത ഫിലിം സ്റ്റുഡിയോ എ24 ഐസക്സൺ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുന്നുണ്ട്. ഡാരൻ ആരോനോഫ്സ്കിയായിരിക്കും ഇത് സംവിധാനം ചെയ്യുക
