ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

iPhone 17

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍ ഏറ്റവുമധികം വില വരുന്ന ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരാന്‍ സാധ്യതയുള്ള ഫീച്ചറുകള്‍ ആപ്പിള്‍ ഹബ് പുറത്തുവിട്ടു. ഐഫോണുകളുടെ ചരിത്രത്തില്‍ ആദ്യമായി 5,000 എംഎഎച്ച് ബാറ്ററി വരുന്നു എന്നതാണ് ഇതിലൊരു സൂചന. എന്നാല്‍ ഈ സ്പെസിഫിക്കേഷനുകളൊന്നും ആപ്പിള്‍ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചവയല്ല.

6.9 ഇഞ്ച് വരുന്ന വലിയ ഓലെഡ് ഡിസ്‌പ്ലെ ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരുമെന്നാണ് ആപ്പിളിന്‍റെ ഹബിന്‍റെ ലീക്ക് സൂചിപ്പിക്കുന്നത്. 120Hz പ്രോ-മോഷന്‍ ഡിസ്‌പ്ലെയായിരിക്കുമിത്. ആന്‍റി-റിഫ്ലക്‌റ്റീവ് ഡിസ്‌പ്ലെ എന്നതായിരിക്കും മറ്റൊരു പ്രത്യേകത. അലുമിനിയം + ഗ്ലാസ് ഡിസൈനില്‍ വരുന്ന ഐഫോണ്‍ 17 പ്രോ മാക്‌സിന് കരുത്തേകുക ഏറ്റവും പുതിയ എ19 പ്രോ ചിപ്പായിരിക്കും. ഐഫോണ്‍ 17 പ്രോ മാക്‌സിലെ ചിപ് സംബന്ധിച്ച വിവരങ്ങള്‍ എന്തായാലും ഉറപ്പിക്കാം. 12 ജിബി റാമാണ് മറ്റൊരു സ്പെസിഫിക്കേഷന്‍. ഇതിനൊപ്പം 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് സൗകര്യങ്ങളും വരുമെന്ന് ആപ്പിള്‍ ഹബ് അവകാശപ്പെടുന്നു. 5,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും വേപര്‍ ചേമ്പര്‍ കൂളിംഗും റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഉറപ്പിക്കാമെന്നും ആപ്പിള്‍ പറയുന്നു. ഐഫോണ്‍ 16 പ്രോ മാക്‌സിലുണ്ടായിരുന്നത് 4,685 mAh ബാറ്ററിയായിരുന്നു. ബ്ലാക്ക്, വൈറ്റ്, ഗ്രേ, ഡാര്‍ക് ബ്ലൂ, ഓറഞ്ച് നിറങ്ങളാണ് ഐഫോണ്‍ 17 പ്രോ മാക്‌സിന് പറയപ്പെടുന്നത്. ആപ്പിള്‍ വൈ-ഫൈ 7 ചിപ് ഫോണിലുണ്ടാകുമെന്നും സൂചനയുണ്ട്.

ഐഫോണുകളില്‍ എക്കാലവും വലിയ ആകര്‍ഷണവും ആകാംക്ഷയുമാണ് ക്യാമറകള്‍. ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ക്യാമറ 24 മെഗാപിക്‌സലിന്‍റെ തന്നെയായിരിക്കും. അതേസമയം റിയര്‍ ഭാഗത്ത് വരിക 48 എംപിയുടെ ട്രിപ്പിള്‍ ക്യാമറയായിരിക്കും എന്നാണ് ആപ്പിള്‍ ഹബിന്‍റെ ഊഹം. 8x ഒപ്റ്റിക്കല്‍ സൂമും 8K വീഡിയോ റെക്കോര്‍ഡിംഗും വാഗ്‌ദാനം ചെയ്യാന്‍ ക്യാമറയ്‌ക്കാകും എന്നും വിവരമുണ്ട്. ഡുവല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമാണ് ലീക്കുകളില്‍ പറയപ്പെടുന്ന മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍. 1299 ഡോളറാണ് ഐഫോണ്‍ 17 പ്രോ മാക്‌സിന് അമേരിക്കയില്‍ പ്രതീക്ഷിക്കുന്ന വിലയെന്നാണ് അഭ്യൂഹങ്ങള്‍. 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു