അഹമ്മദാബാദ് വിമാന ദുരന്തം; മകനെതിരെയുള്ള പ്രചാരണം ‘കേന്ദ്രം അന്വേഷിക്കണം’ – ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ്

Ahmedabad Plane Crash

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന് ക്യാപ്റ്റൻ സുമീത് സബർവാളിൻ്റെ പിതാവ് പുഷ്കരാജ് സബർവാൾ. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പുഷ്കരാജ് സബർവാൾ പറഞ്ഞു. സുമിത് സബർവാളാണ് ദുരന്തത്തിന് കാരണക്കാരൻ എന്ന പ്രചാരണം ശക്തമാകുന്നുവെന്നും അക്കാര്യം അന്തിമ റിപ്പോർട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും പുഷ്കരാജ് സബർവാൾ പറഞ്ഞു. സുമിത് സബർവാൾ ആത്മഹത്യ ചെയ്തതാണെന്നും ഇത് ദുരന്തത്തിലേക്ക് നയിച്ചുവെന്നുമുള്ള തരത്തിൽ വിദേശമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കേന്ദ്രത്തിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തം

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. ഇത് വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

അപകടത്തിൽപെട്ടത് എയർ ഇന്ത്യയുടെ ബോയിംഗ് 787 8 ഡ്രീംലൈനർ വിമാനം

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു