ഉപാധികളോടെ പാലിയേക്കര ടോൾ പിരിക്കാം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Paliyekkara Toll

തൃശൂർ: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. 

ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു. മേഖലയിലെ ഗതാഗത കുരുക്കും റോഡിലെ പ്രശ്നങ്ങളും തുടരുകയാണെന്ന് ജില്ലാ കളക്ടര്‍  കോടതിയെ അറിയിച്ചതിനാല്‍ ടോൾ പിരിവ് പാടില്ല എന്ന് കോടതി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ ടോൾ പിരിവ് അനുവതിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

 

മറുപടി രേഖപ്പെടുത്തുക