തിരുവനന്തപുരം: പട്ടത്ത് എസ്‍യുടി ആശുപത്രിയിൽ രോഗിയായ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കരകുളം സ്വദേശികളായ ജയന്തിയും (62) ഭാസുരനുമാണ് (73) രിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാസുരൻ ആശുപത്രിയിലെ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൃക്കരോഗിയായ ജയന്തി ഒന്നാം തീയതി മുതൽ പട്ടത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഭാസുരനായിരുന്നു കൂട്ടിരിപ്പുക്കാരൻ. ഇന്ന് പുലർച്ചെ നഴ്സുമാരാണ് ഭാസുരൻ അഞ്ചാം നിലയിലെ പടിക്കെട്ടിൽ നിന്ന് ചാടുന്നത് ആദ്യം കണ്ടത്. വിവരം അറിയിക്കാനായി റൂമിലെത്തിയപ്പോഴാണ് രോഗിയായ ഭാര്യ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
രക്തം നൽകാനുപയോഗിക്കുന്ന ട്യൂബ് കഴുത്തിൽ കുരുക്കിയാണ് ജയന്തിയെ കൊന്നത്. ഇതിന് പിന്നാലെ ഭാസുരൻ പടിക്കെട്ടിൽ നിന്ന് ചാടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭാസുരനും മണിക്കൂറുകൾക്കകം മരിച്ചു. ഇരുവർക്കും രണ്ട് മക്കളാണ്. ഒരു മകൻ വിദേശത്താണ്. മകളാണ് കൂടെയുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി മകൾ മെഡിക്കൽ കോളേജ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.