കൊച്ചി ഹിജാബ് വിവാദം; ‘ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ല’; സ്കൂളിന് വീഴ്ചയെന്ന് മന്ത്രി

St. Rita's Public School, Palluruthy

കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം വിലക്കിയത് അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

അതേ സമയം വിഷയത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സ്കൂൾ മാനേജ്മെന്റ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറന്നു. എന്നാൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടി സ്കൂളിൽ എത്തിയിട്ടില്ല. അതേ സമയം, കുട്ടിയുടെ അവകാശത്തിനും മുകളിലാണ് സ്കൂളിന്റെ അവകാശമെന്ന് സ്കൂള്‍ പിടിഎ പ്രസിഡന്‍റ് ജോഷി കൈതവളപ്പിൽ പ്രതികരിച്ചു.

സ്കൂളിന്റെ യൂണിഫോം അനുസരിച്ച് കുട്ടിക്ക് സ്കൂളിൽ പഠനം തുടരാം. കുട്ടിയുടെ പഠനം ഒരുതരത്തിലും സ്കൂൾ വിലക്കിയിട്ടില്ല. മതം മൗലികാവകാശം എന്ന മന്ത്രി പറയുന്നു. സ്കൂളിന്റെ റൂള്‍ മന്ത്രിക്കും തടുക്കാൻ പറ്റില്ലെന്നും പിടി എ പ്രസിഡന്‍റ് വ്യക്തമാക്കി. 

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെട്ടതെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നിട്ടില്ല ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ അനുവദിക്കില്ല. ചെറിയ പ്രശ്നമുണ്ടായാൽ പോലും സർക്കാർ ഇടപെടും. അന്വേഷിക്കാൻ വേണ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ സർക്കാരിന് അവകാശമില്ലേയെന്നും മന്ത്രി ചോദിച്ചു.

സീറോ മലബാർ സഭ എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്നറിയില്ല. സ്കൂൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല. കുട്ടിയോ രക്ഷിതാക്കളും ശിരോവസ്ത്രം ധരിക്കേണ്ട എന്ന് പറയുന്നതുവരെ ഇത് ധരിക്കുന്നതിനുള്ള അവകാശമുണ്ട്. ഇടപെടാൻ വേണ്ടി തന്നെയാണ് സർക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. ഇടപെടരുത് എന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

ശിരോവസ്ത്രം വിലക്കിയ സ്കൂൾ നടപടി ശരിയോ തെറ്റോ?

ശിരോവസ്ത്രം വിലക്കിയ സ്കൂൾ നടപടി ശരിയോ തെറ്റോ? ഇത്തരം തർക്കങ്ങൾ നിത്യ സംഭവങ്ങളായി മാറുന്ന സാഹചര്യത്തിൽ നിയമനിർമാണം ആവശ്യമോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം

 

മറുപടി രേഖപ്പെടുത്തുക