ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങൾക്ക് വിൽക്കാൻ പണം കൈപ്പറ്റിയെന്ന് ആരോപണം; യുവ ഐഎഎസ് ഓഫീസർ പിടിയിൽ

Nupur Bora

ഗുവാഹത്തി: അസമിലെ യുവ ഐഎഎസ് ഓഫീസർ വൻ അഴിമതി കേസിൽ പിടിയിൽ. 2019 ബാച്ച് ഐഎഎസ് അസം കേഡർ ഉദ്യോഗസ്ഥ നുപുർ ബോറയാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ വിജിലൻസ് സെൽ ഗുവാഹത്തിയിലെ ബോറയുടെ വീട്ടിലടക്കം നടത്തിയ റെയ്‌ഡുകളിൽ 92 ലക്ഷം രൂപയും സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായാണ് വിവരം. ബാർപേട്ട ജില്ലയിൽ സേവനമനുഷ്ഠിച്ച കാലത്തെ ഭൂമി കൈമാറ്റ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കാകെ വലിയ പ്രചോദനമായിരുന്നു നുപുർ ശർമ. സർവീസിൽ കയറി ആറാം വർഷം അഴിമതി കേസിൽ പിടിയിലായതോടെ ജനങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ വീടിന് പുറമെ ബാർപേട്ടയിലെ അവരുടെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തതായാണ് വിവരം.

ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങൾക്ക് വിൽക്കാൻ പണം കൈപ്പറ്റിയെന്ന് കേസ്

അസമിലെ ഗോലാഘട്ട് സ്വദേശിയായ നുപുർ ബോറ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയിൽ സർക്കിൾ ഓഫീസറായി പ്രവർത്തിക്കുകയാണ്. ബാർപേട്ടയിൽ ഹിന്ദുക്കളിൽ നിന്ന് മുസ്ലീങ്ങൾക്ക് ഭൂമി വിൽക്കുന്നതിനായി പണം കൈപ്പറ്റിയതിന് ആറ് മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.

അസം കേഡറിൽ നിയമിതയായ നുപുർ 2019 ൽ കർബി ആംഗ്ലോങ് ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണറായാണ് പ്രവർത്തനം തുടങ്ങിയത്. 2023 ജൂണിൽ ബാർപേട്ട ജില്ലയിൽ സർക്കിൾ ഓഫീസറായി നിയമിതയായി. ഇവിടെ നിന്നാണ് കാംരൂപ് ജില്ലയിലെ ഗൊറോയ്മാരിയിൽ സർക്കിൾ ഓഫീസറായി നിയമിതയായി. മുസ്ലീം ഭൂരിപക്ഷ ജില്ലയായ ബാർപേട്ടയിൽ സർക്കിൾ ഓഫീസറായിരുന്ന കാലത്ത് തന്റെ അധികാരപരിധിയിലെ ഭൂമി കൈമാറ്റങ്ങളിൽ അഴിമതി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇവർക്കെതിരായ കുറ്റംയ

ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭൂമി വിൽക്കുന്നതിന് ജില്ലാ കളക്ടറുടെ സമ്മതം ആവശ്യമാണെന്ന് കഴിഞ്ഞ വർഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള അപേക്ഷകളിൽ നിർബന്ധിത ഭൂമി കൈമാറ്റമാണോ, ഇടപാടുവഴി സാമൂഹിക ഐക്യത്തിന് ആഘാതം സംഭവിക്കുമോ, ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടോ എന്നടക്കം പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു