പെൺകുട്ടിയെ ശല്യം ചെയ്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ഉത്തർപ്രദേശിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവത്തിൽ ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. ബുദാൻ ജില്ലയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമിക മൂല്യങ്ങളും പകർന്നു നൽകുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടുവെന്ന നിലപാടിലാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

സ്കൂളിലേക്ക് പോകുന്നതിനും മടങ്ങിവരുന്നതിനും ഇടയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യം ചെയ്തുവെന്നാണ് പരാതി. അശ്ലീല കമന്റുകളും പിന്തുടർന്നുള്ള ശല്യവും തുടർന്നതോടെ പെൺകുട്ടി പിതാവിനോട് വിവരം പറയുകയും തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) വകുപ്പുകളും പോക്‌സോ നിയമവും പ്രകാരം പോലീസ് കേസെടുത്തു. അന്വേഷണത്തിനിടെ ശല്യം ചെയ്ത നാല് ആൺകുട്ടികളും 13 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തി. ഇതോടെയാണ് അവരുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും അമ്മമാരെ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് വ്യക്തമാക്കി.

അതേസമയം, കുട്ടികളുടെ പ്രവൃത്തിക്ക് അമ്മമാരെ അറസ്റ്റ് ചെയ്ത യുപി പോലീസിന്റെ നടപടി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന വിമർശനവുമായി നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി അധികാര ദുരുപയോഗമാണെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നുമുള്ള വിമർശനങ്ങളും ശക്തമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക