ഗാസയിൽ വെടിനിര്‍ത്തൽ കരാർ തുടർച്ചയായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ കുട്ടികളടക്കം 24 പലസ്തീനികൾ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസ നഗരത്തിലെ ഒരു കാറിന് നേരെ നടന്ന ആക്രമണമാണ് ആദ്യം, എന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് മധ്യ ഗാസയിലെ ഡെയ്ര് എൽ-ബലായിലും നുസൈറത്ത് അഭയാർഥി ക്യാമ്പിലും വ്യോമാക്രമണങ്ങൾ നടന്നു.
ഗാസാ സിറ്റിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മാത്രം 11 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡെയ്ര് എൽ-ബലായിൽ നടന്ന വേറെ ഒരു ആക്രമണത്തിൽ മൂന്ന് പേർ ജീവൻ നഷ്ടപ്പെട്ടു.
അമേരിക്കയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് പ്രാബല്യത്തിൽ വന്ന സമാധാന കരാറിന് ശേഷം ഇസ്രയേൽ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ടെന്ന് ഗാസയിലെ സർക്കാർ മാധ്യമ ഓഫീസ് ആരോപിക്കുന്നു.
