സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയിൽ അത് വീണ്ടും ഇന്ത്യയുമായി ഒരുമിക്കാവുന്ന സാഹചര്യം ഉണ്ടാകാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. “അതിര്ത്തികൾ ശാശ്വതവുമല്ല, സമയാനുസൃതമായി മാറാറുണ്ട്” എന്നായിരുന്നു രാജ്നാഥ് സിംഗിന്റെ വാക്കുകൾ.
1947 ലെ വിഭജനത്തിന് ശേഷം പാകിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രവിശ്യ ഇന്ത്യയിൽ നിന്ന് വേർപെടേണ്ടി വന്നതിനെ സിന്ധി ഹിന്ദുക്കൾ മനസിലാക്കാനും വഴങ്ങാനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. മുതിർന്ന ബിജെപി നേതാവായ എൽ.കെ. അദ്വാനിയുടെ പുസ്തകത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെ ഉദ്ധരിച്ച്, അദ്ദേഹത്തിന്റെ തലമുറയിലെ പല സിന്ധി ഹിന്ദുക്കൾക്കും സിന്ധിന്റെ ഇന്ത്യയിൽ നിന്നുള്ള വേർപാട് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
“ ഇന്ന് സിന്ധ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. പക്ഷെ സാംസ്കാരികമായി സിന്ധ് എപ്പോഴും ഇന്ത്യയോടൊപ്പം തന്നെയാണ്. ഭൂമിശാസ്ത്രപരമായ അതിരുകൾ മാറ്റം വരാവുന്ന കാര്യങ്ങളാണ്. ആരറിയാം — ഒരുനാൾ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവരാനും സാധിക്കും” എന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദിയെ പവിത്രമായി കരുതുന്ന സിന്ധിലെ ജനങ്ങൾ എവിടെയായിരുന്നാലും അവർ ഇന്ത്യയുടെ ഭാഗമായിരിക്കും എന്നാണു രാജ്നാഥ് സിംഗിന്റെ നിലപാട്.
