രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഇനി നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ഒരേ കാര്യത്തിൽ രണ്ട് നടപടികൾ എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. സംഭവത്തെക്കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് വ്യക്തവും പാർട്ടി ഏകകണ്ഠമായി എടുത്ത തീരുമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പ്രചാരണ രംഗത്ത് എത്തി എന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് താനല്ലെന്നും അത് കെപിസിസി അധ്യക്ഷനോട് ചോദിക്കണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കൂടുതൽ നടപടികൾ പാർട്ടി എടുക്കുമോ എന്ന കാര്യത്തിലും താൻ പറയാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നിങ്ങൾ ആഗ്രഹിക്കുന്ന മറുപടി എന്റേതിൽ നിന്നും ലഭിക്കില്ല” എന്നായിരുന്നു സതീശന്റെ വ്യക്തമായ നിലപാട്.

ഈ വിഷയത്തിൽ കോൺഗ്രസ് നേരത്തെ തന്നെ നടപടി സ്വീകരിച്ചതായും, ഇതിന് വിരുദ്ധമായി സ്വർണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിലായിട്ടും ഒന്നും ചെയ്യാത്തവരോടാണ് ആദ്യം ചോദിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും, എം.വി. ഗോവിന്ദൻ ഈ വിഷയത്തിൽ എന്തുകൊണ്ട് മിണ്ടാതെയിരിക്കുകയാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് മറുചോദ്യം ഉന്നയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ MLAയ്‌ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണ വിവാദം തുടങ്ങിയ ദിനം മുതൽ തന്നെ രാഹുലിനെതിരെ നടപടി വേണമെന്ന നിലപാട് വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കൾ ശക്തമായി ഉയർത്തിയിരുന്നു. എന്നാൽ ആന്തരിക എതിർപ്പുകൾ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ഇപ്പോൾ പുതുതായി പുറത്ത് വന്ന ഓഡിയോയോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക