ലൈംഗികാതിക്രമാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്ത് നിരപരാധിയാണെന്ന് കെ. സുധാകരന് എംപി വ്യക്തമാക്കി. രാഹുലുമായി വേദി പങ്കിടാന്‍ തനിക്ക് യാതൊരു മടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി പ്രചരിക്കുന്ന ശബ്ദരേഖ താന്‍ കേട്ടിട്ടില്ലെന്നും രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകേണ്ട നേതാവാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ ആ വിഷയത്തെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. സിപിഎം–ബിജെപി അട്ടിമറി ശ്രമങ്ങള്‍ കൊണ്ടാണ് രാഹുലിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പൂര്‍ണമായും നിരപരാധിയാണ്. അന്വേഷിക്കുമ്പോള്‍ ആദ്യം ചില സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മറുപടികള്‍ കേട്ടപ്പോള്‍ എനിക്ക് തന്നെ തോന്നി—I was wrong. ഞാന്‍ രാഹുലിനെ വിളിച്ച് സംസാരിച്ചു. അവനെക്കുറിച്ച് ഞങ്ങള്‍ക്കൊന്നുമൊരു തര്‍ക്കമില്ല. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല,” സുധാകരന് പറഞ്ഞു.
“രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള, ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിവുള്ള ഒരു പ്രാസംഗിക നേതാവാണ് അദ്ദേഹം. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്ത്തണം. ശബ്ദ സന്ദേശം താന്‍ കേട്ടിട്ടില്ല; രാഹുല്‍ തന്നെ അതിനെക്കുറിച്ച് വെല്ലുവിളിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് യാതൊരു പ്രശ്നവും ഇല്ല,” സുധാകരന് വ്യക്തമാക്കി.
