2026 ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ രോഹിത് ശർമയെ തെരഞ്ഞെടുത്തതായി ഐസിസി പ്രഖ്യാപിച്ചു. മുംബൈയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
2024 ടി20 ലോകകപ്പിൽ ജേതാവായ ക്യാപ്റ്റനുമായും ഇതുവരെ നടന്ന ഒമ്പത് ടി20 ലോകകപ്പുകളിലും പങ്കെടുത്ത ഏക കളിക്കാരനുമായ രോഹിത്തിനേക്കാൾ മികച്ച പ്രതിനിധിയെ ഈ ടൂർണമെന്റിന് തേടാനില്ലെന്നും ജയ് ഷാ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി.
ടൂർണമെന്റിന്റെ ഷെഡ്യൂളും ചടങ്ങിൽ പ്രഖ്യാപിച്ചു. ലോകകപ്പ് ഫെബ്രുവരി 7-ന് ആരംഭിച്ച് മാർച്ച് 8-ന് ഫൈനലോടെ സമാപിക്കും. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഈ ലോകകപ്പിൽ.
ആതിഥേയരായ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പരമ്പരാഗത എതിരാളികളായ പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ–പാകിസ്താൻ ഏറ്റുമുട്ടൽ ഫെബ്രുവരി 15-നാണ് അരങ്ങേറുക.
